Saturday, November 24, 2018

മണക്കാട്ട്‌ ദേവി ക്ഷേത്രം.


       കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലുക്കിൽ ഹരിപ്പടിനു കിഴക്ക് പള്ളിപ്പാട് ഗ്രാമത്തിൻറെ തെക്കേ അതിർത്തിയായ മുട്ടത്തു നിന്നും (നങ്ങ്യാർകുളങ്ങര--മാവേലിക്കര റോഡിൽ പള്ളിപ്പാട് ജങ്ഷനിൽനിന്ന്) ഏകദേശം 1/2 കി.മി. വടക്ക് മാറി തെക്കുംമുറി കരയിൽ ആണ് മണക്കാട്ട്‌ ദേവി ക്ഷേത്രം സ്ഥിതി ചെയുന്നത്. പള്ളിപ്പാട്ടെ തെക്കുംമുറി, കൊട്ടകകം, നടുവട്ടം, തെക്കെകര കിഴക്ക് ദേശക്കാരുടെ സർവസ്വവുമാണ് ശ്രീ മണക്കാട്ട് ദേവി ക്ഷേത്രം. പഞ്ചവർഗ്ഗതറയിൽ തടിയിൽ നിർമിച്ചതാണ് ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം.തന്ത്രകർമ്മങ്ങൾക്ക് അധികാരം താഴമൺ തന്ത്രികൾക്കാണ്.
ഐതിഹ്യം.
     ദ്വാപരയുഗത്തിൽ ഖാന്ധവദാഹനത്തിൽ ഇവിടുത്തെ പുരാതന ക്ഷേത്രം നശിക്കുകയും വിഗ്രഹം ഭൂമിയിൽ മറഞ്ഞു പോകുകയും ചെയ്തു. പിന്നീടുള്ള കാലം ഈ പ്രദേശം വനമായി മാറി. വലിയമണക്കാട്ട്‌കാവ് എന്ന പ്രദേശത്താണ് വിഗ്രഹം മറഞ്ഞു കിടന്നിരുന്നത്. ഇതിനടുത്തുള്ള നെൽപ്പാടത്ത് കൊയ്ത്തിനു വന്ന പുലയ സ്ത്രീ അവിടെ കണ്ട ഒരു ശിലയിൽ തന്റെ അരിവാൾ തേച്ചു. കല്ലിൽ നിന്നും രക്തം വരുന്നത് കണ്ടു ഭയന്ന് പോയ ആ സ്ത്രീ വിവരം പെട്ടെന്ന് വയലിൻറെയും കാവിൻറെയും ഉടമസ്ഥനായ മുട്ടം പെരുമ്പാറ ഇല്ലത്തെ ബ്രാഹ്മണനെ അറിയിച്ചു. ഉടനെ അവിടെയെത്തിയ ബ്രാഹ്മണൻ സ്ത്രീ അരിവാൾ തേച്ചത് ദേവി വിഗ്രഹത്തിൽ ആണെന്ന് മനസ്സിലാക്കുകയും, വിഗ്രഹമെടുത്ത്‌ സ്വന്തം ഇല്ലത്ത് കൊണ്ടുവന്ന് വെച്ച് ആരാധിക്കുകയും ചെയ്തു. ആ കാലത്ത് ആരാധിക്കാനും പരദേവതയില്ലാതിരുന്ന പള്ളിപ്പാട്ടെ തെക്കുംമുറി, കോട്ടയ്ക്കകം, നടുവട്ടം, തെക്കേക്കരകിഴക്ക് എന്നീ കരക്കാർ തങ്ങളുടെ ആഗ്രഹവും സങ്കടവും ബ്രാഹ്മണനോട് അറിയിച്ചപ്പോൾ, പുരാതനമായ ശ്രീ ധർമ്മശാസ്താ ക്ഷേത്രമുള്ള മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച് ഭഗവതിയെ പ്രതിഷ്ഠ നടത്തി ആരാധിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
              മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച കരക്കാർ അവിടെ ക്ഷേത്രം പണിത് വൈക്കത്തെ പ്രശസ്തമായ ചാതുവള്ളി മനയിലെ തന്ത്രിയെക്കൊണ്ട് പ്രതിഷ്ഠ നടത്തി. വിഗ്രഹം കാട്ടിക്കൊടുത്ത സ്ത്രീക്ക് മണക്കാട്ട്‌കാവ് ദാനം നല്കി എന്നാണു ചരിത്രം.

ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും പഞ്ചവർഗ്ഗതറയിൽ തടിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഭദ്രഭഗവതിയുടെ ഉത്സവചടങ്ങുകളും, ഭുവനേശ്വരിയുടെ പൂജാവിധികളുമായി പരാശക്തിയുടെ വിവിധ ഭാവങ്ങൾ സമന്വയിപ്പിക്കുന്ന ആചാരമാണ് ഇവിടെയുള്ളത്.‍ ഋഷഭമാണ് ഭഗവതിയുടെ വാഹനം. കായംകുളം രാജാവിൻറെയും, തിരുവിതാംകൂർ രാജാവിൻറെയും ശ്രദ്ധയും ഭക്തിയും ഈ ക്ഷേത്രം മദ്ധ്യ തിരുവിതാംകൂറിൽ പ്രഥമ സ്ഥാനത്തിനു കാരണമായി. താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവര് ആണ് ക്ഷേത്രം തന്ത്രി. പള്ളിപ്പാട് ഗ്രാമത്തിലെ തെക്കുംമുറി എൻ.എസ്.എസ്. കരയോഗം നമ്പർ 112, കോട്ടയ്ക്കകം എൻ.എസ്.എസ്. കരയോഗം നമ്പർ 113, നടുവട്ടം എൻ.എസ്.എസ്. കരയോഗം നമ്പർ 98, തെക്കേക്കരകിഴക്ക് എൻ.എസ്.എസ്. കരയോഗം നമ്പർ 109 എന്നീ കരയോഗങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ക്ഷേത്രം. ഈ കരകളിൽ നിന്നും തിരഞ്ഞെടുക്കുന്ന അംഗങ്ങളാണ് ക്ഷേത്ര ഭരണം നിർവഹിക്കുന്നത്.

ഉപദേവതകൾ.
 ശാസ്താവ്
വല്യച്ചൻ (കുഞ്ചുകുട്ടിപിള്ള സർവ്വാദി കാര്യക്കാർ)
യക്ഷിയമ്മ
രക്ഷസ്
മൂർത്തി
സർപ്പസ്ഥാനം
വിശേഷ ദിവസങ്ങൾ.
         വൃശ്ചികമാസം ഒന്ന് മുതൽ ധനുമാസത്തിലെ പതിനൊന്നു വരെയുള്ള നാല്പ്പതോന്നു ദിനങ്ങൾ മണക്കാട്ട്‌ ദേവി ക്ഷേത്രൽ മണ്ഡല കാലമായി ആഘോഷിക്കുന്നു. വൃശ്ചിക മാസം 24 മുതൽ എട്ടു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉൽസവം. ധനു 1നു ആണ് ആറാട്ട്‌. അരയാകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ് ആറാട്ട്‌. മകരഭരണിദിനം ആണ് പറയെടുപ്പ് ഉത്സവം നടക്കുന്നത്. പ്രഭാതത്തിൽ ജീവത എഴുന്നള്ളിച്ച് തെക്കേക്കരകിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി കൈനീട്ടപ്പറ സ്വീകരിക്കുന്നതോടെ പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നു.
നവരാത്രി പൂജയും ദുർഗ്ഗാഷ്ടമിയും പൂജവെപ്പും എല്ലാം ആഘോഷിക്കുന്നു. വിജയദശമി ദിവസം രാവിലെ പുസ്തകങ്ങളും ആയുധങ്ങളും പൂജകഴിഞ്ഞ് തിരിച്ചെടുക്കുന്നു.
കർക്കിടക മാസം ക്ഷേത്രത്തിൽ രാമായണ മാസമായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിൽ രാമായണപാരായണം ഉണ്ടായിരിയ്ക്കും. വിനായകചതുർത്ഥിദിവസം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നുവരുന്നു. എല്ലാ മലയാള മാസം ഒന്നാം തീയതി അന്നദാനവുമുണ്ട്.

എത്തിച്ചേരുവാനുള്ള വഴി

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - ഹരിപ്പാട് – 4km അകലെ.
                                                                                                        കായംകുളം – 7km അകലെ.
കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാന്റ് ഹരിപ്പാട് - 4 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള പട്ടണം – ഹരിപ്പാട്.




 







Thanks

Information from
Wikipedia




Monday, July 23, 2018

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം.


            ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പരബ്രഹ്മസ്വരൂപനായ ശ്രീ കൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്.
                                              അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഗുരുവായൂർ, ആറന്മുള എന്നിവയാണ് മറ്റുള്ളവ. മദ്ധ്യകേരളത്തിലുള്ള ഗുരുവായൂരിന് തുല്യമായി തെക്കൻ കേരളത്തിലുള്ള ക്ഷേത്രമായതിനാൽ 'തെക്കൻ ഗുരുവായൂർ' എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു. എ.ഡി. 1545-ൽ ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇവിടത്തെ പാൽപ്പായസം വളരെ പ്രസിദ്ധമാണ്. മഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാർ തന്റെ യൗവനത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന് തുള്ളൽ തുടങ്ങാൻ പ്രചോദനമുണ്ടായത് ഇവിടെ വച്ചാണ്. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം, മകരമാസത്തിൽ പന്ത്രണ്ടുദിവസം നടക്കുന്ന കളഭാഭിഷേകം (പന്ത്രണ്ടുകളഭം), ശ്രീകൃഷ്ണ ജന്മാഷ്ടമി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.
                     അമ്പലപ്പുഴയിൽ പ്രസിദ്ധമായ ഐതിഹ്യമാണു നാറാണത്തുഭ്രാന്തൻ നടത്തിയ പ്രതിഷ്‌ഠ. പ്രതിഷ്‌ഠാസമയത്ത് അഷ്ടബന്ധം ഉറയ്ക്കാതെ തന്ത്രിമാർ (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോൾ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന മീൻ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാൻ (താംബൂലം) തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്‌ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരുവന്നെന്നും പറയപ്പെടുന്നു.
                               കേരളത്തിലെ പ്രധാന ശ്രീകൃഷ്ണക്ഷേത്രമായ ഗുരുവായൂർ ക്ഷേത്രവുമായും അമ്പലപ്പുഴയ്ക്ക് വലിയ ബന്ധമുണ്ട്. ടിപ്പു സുൽത്താൻ ഗുരുവായൂർ ആക്രമിയ്ക്കുമോ എന്ന് സംശയം തോന്നിയ സമയത്ത് ഗുരുവായൂർ ക്ഷേത്രം ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയും തന്ത്രിയും ശാന്തിക്കാരും കഴകക്കാരും കൂടി ഗുരുവായൂരപ്പന്റെ വിഗ്രഹം അമ്പലപ്പുഴയിലേയ്ക്ക് കൊണ്ടുവന്നു. പഴയ ചെമ്പകശ്ശേരി രാജകൊട്ടാരമായിരുന്ന അമ്പലപ്പുഴ തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണികഴിപ്പിച്ച് ഗുരുവായൂരപ്പനെ അവിടെ കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. അവിടെ വിളക്കുവയ്പുമുണ്ട്. എന്നാൽ, സമീപത്തെ ക്ഷേത്രങ്ങൾ പലതും തകർത്തിട്ടും ടിപ്പുവിന് ഗുരുവായൂർ ക്ഷേത്രം മാത്രം തകർക്കാൻ കഴിഞ്ഞില്ല. തുടർന്ന്, ഗുരുവായൂരിലേയ്ക്ക് വിഗ്രഹം മടക്കിക്കൊണ്ടുപോയി. ഇന്നും അമ്പലപ്പുഴയിൽ പാൽപ്പായസം എഴുന്നള്ളിയ്ക്കുമ്പോൾ വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നത് കാണാം. അത് സാക്ഷാൽ ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമായി ഭക്തർ വിശ്വസിച്ചുവരുന്നു.
                       
 അമ്പലപ്പുഴ ഉത്സവം
തൃക്കൊടിയേറ്റ്
       ഉച്ചശീവേലിക്കുശേഷം തെക്കേ ഗോശാലയിൽ ഗണപതിപൂജയോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. ഗണപതിപൂജയ്ക്കുശേഷം ഉത്സവദിവസങ്ങളിൽ എടുക്കുന്ന കോയ്മവടി മേൽശാന്തി ശ്രീകോവിലിൽ കൊണ്ടുപോയി പൂജിച്ച് കോയ്മസ്ഥാനി വലിയമഠം പണിക്കർക്ക് കൈമാറും. തുടർന്ന് വാദ്യപൂജ. കൊടി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു പൂജിച്ച് ദേവചൈതന്യം ആവാഹിച്ച് കോയ്മയുടെ അനുവാദത്തോടെ വാദ്യപരീക്ഷ നടത്തി, പാണികൊട്ടി കൊടിമരച്ചുവട്ടിലേക്ക് കൊടിയെഴുന്നള്ളിക്കുകയും പിന്നീട് തന്ത്രി കൊടിയേറ്റ് നടത്തുന്നു. കൊടിയേറ്റിനുശേഷം അമ്പലപ്പുഴ തച്ചന്റെ നേതൃത്വത്തിൽ നാളികേരം ഉടച്ച് രാശി നോക്കി ഫലം പ്രവചിക്കുന്നു. വൈകീട്ട് ദീപാരാധനയ്ക്കു മുൻപായി എട്ടുദിക്കിലും ദിക്കുകൊടിയേറ്റ്റുകയും ചെയ്യുന്നു

ശുദ്ധാദി കലശപൂജ
        കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടന്നുവരുന്ന ശുദ്ധാദി, അമ്പലപ്പുഴ ഭഗവാന്റെ ഉത്സവ നാളുകളിലെ പ്രധാന താന്ത്രിക ചടങ്ങുകളിൽ ഒന്നാണ്. രണ്ടാം ഉത്സവദിനം ശുദ്ധാദി ചടങ്ങിന് തുടക്കം കുറിച്ച് ഒമ്പതാം ഉത്സവം വരെയാണ് ശുദ്ധാദി ഉള്ളത്. ശുദ്ധജലം, പാൽ,തൈര്, നെയ്യ്, അഷ്ടഗന്ധജലം, ഇളനീർ എന്നിവ പ്രത്യേകം കലശങ്ങളാക്കി പൂജിച്ച് ദേവന് അഭിഷേകം നടത്തുന്ന ചടങ്ങാണിത്. സ്വർണകുംഭങ്ങളിലും വെള്ളി കുംഭങ്ങളിലുമാണ് ദ്രവ്യങ്ങൾ നിറച്ച് പൂജിച്ച് ഭഗവാന് അഭിഷേകം ചെയ്യുന്നത്.
              പുലർച്ചെ 5 മണിയോടുകൂടി കിഴക്കേ നാലമ്പലത്തിൽ പ്രത്യേകമായി പത്മമിട്ട് അലങ്കരിക്കുന്ന സ്ഥലത്ത് കുംഭങ്ങൾ നിറച്ച് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചാണ് കലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്യുന്നത്. ഉത്സവ ദിവസങ്ങളിൽ ഉച്ചപൂജ രാവിലെ 8.30ന് നടക്കുന്നതിനാൽ എട്ടുമണിയോടെയാണ് ശുദ്ധാദി ചടങ്ങുകൾ നടക്കുന്നത്. ശുദ്ധാദി ദർശിക്കുന്നതിനും ആടിയശേഷമുള്ള തീർഥം സേവിക്കുന്നതിനും നല്ല തിരക്കാണ് ഉണ്ടാകുക. ക്ഷേത്രം തന്ത്രിമാരായ പുതുമന-കടിയക്കോൽ നമ്പൂതിരിമാരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്

കുടവരവ്
         അമ്പലപ്പുഴയിലെ ഏഴാം ഉത്സവദിനമാണ് തകഴി ധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് ഉത്സവക്കുട ആഘോഷമായി എഴുന്നള്ളിക്കുന്നത്. അമ്മയുടെ (അമ്പലപ്പുഴ കണ്ണന്റെ) ഉത്സവം കാണാൻ ഹരിഹരപുത്രൻ (ശാസ്താവ്) എഴുന്നള്ളുന്നതായും, തകഴി ക്ഷേത്രത്തിൽനിന്ന് ശാസ്താവിന്റെ കലവറക്കാരൻ വേലതുള്ളാൻ വരുന്നതായും രണ്ടു സങ്കല്പങ്ങൾ കുടവരവിന് പിന്നിലുണ്ട്. തകഴി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന കുടവരവിനെ വഴിനീളെ ഭക്തർ നിറപറയും നിലവിളക്കും വെച്ച് എതിരേക്കുന്നു. കുടവരവിനൊപ്പം കൊടിയും വേലകളിക്കാരും മേളക്കാരുമുണ്ടായിക്കും. ക്ഷേത്രത്തിനടുത്തുള്ള പുതുപ്പുരപ്പടിയിൽനിന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും ചേർന്ന് കുടവരവിനെ സ്വീകരിച്ച് നെറ്റിപ്പട്ടമേന്തിയ ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുംകയും ചെയ്യും.
         ഏഴാം ഉത്സവനാളിൽ ക്ഷേത്രത്തിൽ തകഴിക്കാരുടെ വേലകളിയുണ്ട്. കുളത്തിൽ വേല കഴിഞ്ഞ് തകഴിക്ഷേത്രത്തിലെ അത്താഴപൂജയ്ക്കുള്ള സാധനങ്ങളുമായാണ് കലവറക്കാരൻ മടങ്ങി പോകുന്നത്. തകഴിയിൽനിന്ന് കൊണ്ടുവന്ന കുട ക്ഷേത്രത്തിൽ നൽകിയശേഷം ക്ഷേത്രത്തിലെ കുട തിരികെ തകഴിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും. തകഴിയിൽനിന്ന് കൊണ്ടുവരുന്ന കുടയാണ് അടുത്ത ഒരു വർഷത്തേക്ക് ക്ഷേത്രത്തിലെ പ്രഭാത, അത്താഴശീവേലികൾക്ക് ഉപയോഗിക്കുന്നത്.

ഏഴാം ഉത്സവം
             ഏഴാംഉത്സവം മുതൽ എഴുന്നള്ളത്തിന് അഞ്ചാനകളുണ്ട്.ഒന്നാംതരം നെറ്റിപ്പട്ടവും ആറാട്ടുചട്ടവും സ്വർണക്കുടകളും വെള്ളിക്കുടകളുമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. ഏറ്റുമാനൂർ ഏഴരപ്പൊന്നാനയ്ക്കു തുല്യമായ പതക്കമാണ് ഏഴാം ഉത്സവ വൈകുന്നേരത്തെ എഴുന്നള്ളത്തു മുതൽ ചട്ടത്തിൽ ചാർത്തുന്നത്.

വാദ്യഘോഷങ്ങളോടെ ആഞ്ഞിലിക്കാവ് ക്ഷേത്രത്തിൽ നിന്ന് എത്തുന്ന കുട്ടവരവിന് ഞായറാഴ്ച വൈകിട്ട് 4.30ന് കിഴക്കേനടയിൽ സ്വീകരണം നൽകും. രാത്രി 8ന് ഊട്ടുപുരയിൽ നാടകശാലസദ്യക്കുള്ള കറിക്കുവെട്ട് നടക്കും. തിങ്കളാഴ്ച ഉച്ചക്ക് 12 നാണ് പ്രസിദ്ധമായ നാടകശാലസദ്യ.

കുട്ട വരവ്
      ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാലസദ്യക്കുള്ള കുട്ടവരവ് എട്ടാ൦ ഉത്സവദിവസ൦ വൈകിട്ട് ആഞ്ഞിലിക്കാവ് ക്ഷേത്രത്തിൽനിന്നാണ് ആരംഭിക്കുന്നത്.

നാടകശാല സദ്യ
              ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാല സദ്യ മധുരമൂറുന്ന ഐതിഹ്യത്തിന്റെ നവ്യാവിഷ്‌കാരമാണ്. നാടിന്റെ നാനാദിക്കുകളിൽനിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ നാടകശാലസദ്യയിൽ പങ്കെടുക്കാനും ചടങ്ങ് ദർശിക്കാനുമായി ശ്രീകൃഷ്ണസന്നിധിയിലെത്തും. നാടകശാലസദ്യക്കു പിന്നിലുള്ള ഐതിഹ്യമിങ്ങനെ: ഭക്തോത്തമനായ വില്വമംഗലത്ത് സ്വാമിയാർ ഒരിക്കൽ ക്ഷേത്രദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിച്ചപ്പോൾ അവിടെ ഭഗവാനെ കണ്ടില്ല. പരിഭ്രാന്തനായ സ്വാമിയാർ ഭഗവാനെത്തേടി നാലുപാടും പാഞ്ഞു. ഈ സമയം നാടകശാലയിൽ ക്ഷേത്രജീവനക്കാർക്കുള്ള സദ്യ നടക്കുകയായിരുന്നു. ഭഗവാനെ തിരക്കിയെത്തിയ സ്വാമിയാർ, ബാലന്റെ വേഷത്തിൽ സദ്യക്ക് നെയ്യ് വിളമ്പുന്ന സാക്ഷാൽ ഭഗവാനെയാണ് കണ്ടത്. 'കണ്ണാ' എന്നുവിളിച്ച് സ്വാമിയാർ ഓടിയടുത്തെങ്കിലും ഭഗവാൻ ഓടിമറഞ്ഞു. കഥയറിഞ്ഞവരെല്ലാം സദ്യ ഉപേക്ഷിച്ച് സ്വാമിയാർക്കൊപ്പം കണ്ണനെത്തേടി പിന്നാലെ പാഞ്ഞു. ഇതിന്റെ സ്മരണ നിലനിർത്തുന്നതാണ് നാടകശാല സദ്യ. നാടകശാല സദ്യ നടക്കുമ്പോൾ ഭഗവാൻ മണിക്കിണറിനു മുകളിൽ വന്നിരുന്ന് സദ്യ കാണുമെന്നാണ് വിശ്വാസം.

സദ്യ വട്ടം
       നാലുകൂട്ടം പ്രഥമൻ, നാലുകൂട്ടം ഉപ്പേരി, അവിയൽ, തോരൻ, പച്ചടി, കൂട്ടുകറി, പരിപ്പ്, സാമ്പാർ, കാളൻ, പാല്, പഞ്ചസാര, കൽക്കണ്ടം തുടങ്ങിയ വിഭവങ്ങളാണ് സദ്യക്കുള്ളത്. നാടകശാലയിൽ വരിവരിയായിട്ട തൂശനിലകളിൽ ഉച്ചയ്ക്ക് 12ഓടെയാണ് സദ്യ വിളമ്പുന്നത്. സദ്യയുണ്ട ഭക്തർ എച്ചിലിലയുമായി വഞ്ചിപ്പാട്ടും പാടി പുത്തൻകുളത്തിന്റെ കരയിലേക്ക് താളം ചവിട്ടി നീങ്ങും. തിരികെയെത്തുന്ന ഭക്തരെ പോലീസധികാരികൾ ക്ഷേത്രസന്നിധിയിൽ പണക്കിഴിയും പഴക്കുലയും നല്കി ആചാരപരമായി സ്വീകരിക്കും. തുടർന്ന് കയ്യും വായയും കഴുകി ക്ഷേത്രദർശനം നടത്തുന്നതോടെ നാടകശാലസദ്യയുടെ ചടങ്ങുകൾ പൂർത്തിയാവും.

അമ്പനാട്ട് പണിക്കരുടെ വരവ്
          ഒൻപതാം ഉത്സവനാളിലെ മറ്റൊരു പ്രധാന ചടങ്ങാണ് വൈകുന്നേരത്തെ അമ്പനാട്ടു പണിക്കരുടെ വരവ്. ക്ഷേത്രനിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുത്ത ഈഴവ പ്രമാണിയായ അമ്പനാട്ട് ഉണ്ണിരവിക്ക് ചെമ്പകശ്ശേരി രാജാവ് കല്പിച്ചു കൊടുത്തതാണ് അമ്പനാട്ടു പണിക്കർ സ്ഥാനം. അമ്പലപ്പുഴ രാജാവ് നല്കിയ തോട്ടിക്കടുക്കനും, വാളുമായാണ് അമ്പനാട്ടു പണിക്കരുടെ പിന്മുറക്കാർ ഒമ്പതാം ഉത്സവനാളിൽ പരിവാരസമേതം ക്ഷേത്രദർശനത്തിനെത്തുന്നത്.

ആറാട്ട്
          പത്താം ദിവസം രാത്രിയാണ് ക്ഷേത്രത്തിലെ ആറാട്ട്. വൈകുന്നേരം ആറുമണിയോടെ എല്ലാ താന്ത്രികച്ചടങ്ങുകളും കഴിഞ്ഞ് അമ്പലപ്പുഴ കൃഷ്ണൻ ആറാട്ടിന് പുറപ്പെടുന്നു. ഇവിടെ കൊടിയിറക്കത്തിനുശേഷമാണ് ആറാട്ട് നടക്കുന്നത്. ഇരട്ടക്കുളങ്ങര ശിവക്ഷേത്രക്കുളത്തിലാണ് ആറാട്ട്. അഞ്ച് ആനകളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളത്ത് അത്യാകർഷകമാണ്.




Tuesday, June 5, 2018

പവിത്രേശ്വരം മഹാദേവർ ക്ഷേത്രം


            കേരളത്തിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്ക് അടുത്ത് പവിത്രേശ്വരം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് പവിത്രേശ്വരം മഹാദേവർ ക്ഷേത്രം. പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം പവിത്രേശ്വരം ഗ്രാമത്തിലെ പ്രധാന ആരാധനായലങ്ങളിലൊന്നാണ്. കുംഭമാസത്തിലെ തിരുവാതിര നക്ഷത്ര കൊടിയേറി ഏഴാം ദിവസം ആറാട്ടോട് കൂടി ഉത്സവം നടത്തുന്നു. പ്രകൃതി രമണീയമായ വയലേലകളാൽ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തിൽ ശിവനെ കൂടാതെ പാർവ്വതി, ഗണപതി, ശാസ്താവ് തുടങ്ങിയ ദേവന്മാരും ദേശവാസികൾക്ക് അനുഗ്രഹം നൽകി ഇവിടെ പവിത്രേശ്വരത്ത് കുടികൊള്ളുന്നു.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ.
          ട്രെയിൻ മാർഗ്ഗം കൊല്ലത്ത് നിന്നും പുനലൂർ ചെങ്കോട്ട ട്രെയിനിൽ കുണ്ടറ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നും ചീരങ്കാവ് -പുത്തൂർ ബസ്സിൽ പവിത്രേശ്വരം വഞ്ചിമുക്കിൽ ഇറങ്ങിയാൽ ക്ഷേത്ര നടപ്പാത കാണാം.
    ബസ്സ് മാർഗ്ഗം കൊല്ലത്ത് നിന്നും പുനലൂർ ബസ്സിൽ കയറി ചീരങ്കാവിൽ ഇറങ്ങുക അവിടെ നിന്നും പുത്തൂർ ബസ്സിൽ പവിത്രേശ്വരം വഞ്ചിമുക്കിൽ ഇറങ്ങിയാൽ ക്ഷേത്ര നടപ്പാത കാണാം ബസ്സ് മാർഗ്ഗം കൊട്ടാരക്കരയിൽ നിന്നും പുത്തൂർ-കരുനാഗപ്പള്ളി ബസ്സിൽ കയറി പുത്തൂരിൽ ഇറങ്ങുക അവിടെ നിന്നും പവിത്രേശ്വരം - ചീരങ്കാവ് ബസ്സിൽ വഞ്ചിമുക്കിൽ ഇറങ്ങിയാൽ ക്ഷേത്രത്തിലേക്കുള്ള നടപ്പാത കാണാം.
 
                







Thanks.Wikipedia


Wednesday, May 23, 2018

ആനന്ദവല്ലീശ്വരം ക്ഷേത്രം


കേരളത്തിലെ കൊല്ലം നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊല്ലത്തെ രണ്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. കൊല്ലം ആനന്ദവല്ലീശ്വരത്തെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.
         അഷ്ടമുടികായലിന്റെ തീരത്ത് കൊല്ലം നഗരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നു. രണ്ടു തട്ടായി നിർമ്മിച്ചിരിക്കുന്ന വട്ടശ്രീകോവിലിലാണ് പടിഞ്ഞാറു ദർശനം നൽകി പരമശിവനേയും കിഴക്കു ദർശനം നൽകി ആനന്ദവല്ലിയേയും പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറും കിഴക്കുമായി ചതുരാകൃതിയിൽ പണിതിർത്ത രണ്ടു നമസ്കാര മണ്ഡപങ്ങൾ ഇവിടെയുണ്ട്. നാലമ്പലവും ആനക്കൊട്ടിലും എല്ലാം കേരളതനിമ വിളിച്ചോതതക്കവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്.
      ക്ഷേത്രത്തിന്റെ പ്രധാന ഭാഗമായ പടിഞ്ഞാറുവശത്ത് നേരെമുൻപിലായി കുളം നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രേശന്റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാവം ഇവിടെയും ശിവപ്രതിഷ്ഠക്കു മുൻപിലായി ക്ഷേത്രക്കുളം നിർമ്മിച്ചിരിക്കുന്നത്. അതുപോലെതന്നെ പടിഞ്ഞാറും കിഴക്കും വശങ്ങളിൽ ക്ഷേത്രഗോപുരങ്ങൾ പണിതീർത്തിട്ടുണ്ട്. വിശാലമായ ക്ഷേത്രവളപ്പ് ചുറ്റുമതിലിനാൽ സംരക്ഷിച്ചിരിക്കുന്നു. നാലമ്പലവും നമസ്കാരമണ്ഡപങ്ങളും, ബലിക്കൽപ്പുരയും, തിടപ്പള്ളിയും ധ്വജപ്രതിഷ്ഠയും ക്ഷേത്രഗോപുരങ്ങളും എല്ലാം ഒരു മഹാക്ഷേത്രത്തിനനുശ്രിതമായി മനോഹരമായി പണിതീർത്തിരിക്കുന്നു.

ഉത്സവം.
പൈങ്കുനി ഉത്സവം
                വർഷം തോറും മീനമാസത്തിൽ പത്തുദിവസം കൊടിയേറി ഉത്സവം കൊണ്ടാടുന്നു. മീനത്തിലെ ചോതി നക്ഷത്രം ആറാട്ട് വരത്തക്ക വിധമാണ് കൊടിയേറ്റ് നടത്തുന്നത്.
ശിവരാത്രി
നവരാത്രി
മണ്ഡലപൂജ.

ഉപക്ഷേത്രങ്ങൾ
ഗണപതി
സുബ്രഹ്മണ്യൻ
അയ്യപ്പൻ
നാഗദൈവങ്ങൾ
ബ്രഹ്മരക്ഷസ്സ്
നവഗ്രഹങ്ങൾ
ശ്രീകൃഷ്ണൻ

ക്ഷേത്രത്തിൽ എത്തിചേരാൻ
കൊല്ലം നഗരത്തിൽ, ദേശീയപാത 544 ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെയാണ് കടന്നുപോകുന്നത്.



Saturday, May 5, 2018

തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം.


                  ദക്ഷിണ കേരളത്തിലെ ഒരു പ്രധാന ദുർഗാ ദേവി ക്ഷേത്രമാണു തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാ ദേവി ക്ഷേത്രം. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ തലവൂർ ഗ്രാമത്തിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുന്നിക്കോട് - പട്ടാഴി പാതയിൽ കുന്നിക്കോട്ടു നിന്നും 3 കിലോമീറ്റർ മാറിയാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷാസുര മർദ്ദിനി ഭാവത്തിലുള്ള ദുർഗ്ഗയാണു ഇവിടുത്തെ പ്രതിഷ്ഠ.
തലവൂർ ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഭൂതത്താൻ മുകളിലാണ്. ക്ഷേത്രത്തോട് ചേർന്ന് കുന്നിൻ മുകളിലാണ് ഇത്. പണ്ട് ഘോരവനമായിരുന്ന ഇവിടെ ദേവീസാന്നിധ്യം ആദ്യം അനുഭവിച്ചറിഞ്ഞത് പുല്ലുപറിക്കാനെത്തിയ താഴ്ന്ന ജാതിയിൽ പെട്ടവരായിരുന്നു. വലിയ കുന്നും ഘോരവനമുമായതിനാൽ ഇവിടെയെത്താൻ ഭക്തർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടർന്ന് താഴ്വാരത്ത് ക്ഷേത്രം പണിയുകയായിരുന്നു.

ഉപ ദേവാലയങ്ങൾ
ഗണപതി
മുരുകൻ
യക്ഷി നട
രക്ഷസ്സ്
സർപ്പക്കാവ് - നാഗരാജാവ്, നാഗയക്ഷി
യോഗീശ്വരൻ
നവഗ്രഹങ്ങൾ

പ്രധാന ചടങ്ങുകൾ
തലവൂർ പൂരം (കുംഭ മാസത്തിലെ പൂരം നാൾ)
തലവൂർ പൊങ്കാല (മകര മാസത്തിലെ ആദ്യ ഞായറാഴ്ച)
തൈപ്പൂയ മഹോത്സവം
നവരാത്രി ഉത്സവം-വിദ്യാരംഭം
ഷഷ്ഠി വ്രതം
നാരങ്ങാവിളക്ക് (മലയാളമാസത്തിലെ ആദ്യ ഞായറാഴ്ച)
വിളക്കുപൂജ (മലയാളമാസത്തിലെ അവസാന വെള്ളിയാഴ്ച)
രാമായണ മാസാചരണം (മണ്ഡലചിറപ്പ് മഹോത്സവം)
നവരാത്രി ഉത്സവം.

തലവൂർ പൂരം.
      ചരിത്ര പ്രസിദ്ധമായ തലവൂർ പൂരം നടക്കുന്നതു ഈ ക്ഷേത്രത്തിലാണു്. കുംഭ മാസത്തിലെ പൂരം നാളിലാണു ഈ ഉത്സവം കൊണ്ടാടുന്നത്. 
ദേവീക്ഷേത്രസന്നിധിയിൽ കുംഭമാസത്തിൽ നാട്ടുകാർ ഒത്തുകൂടി "കീഴ്പ്പതിവുപോൽ പതിവടിയന്തരങ്ങൾ നടത്തിക്കൊള്ളാം" എന്ന് പ്രതിജ്ഞ ചെയ്തു പിരിയുന്നതോടെയാണ് പൂരത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കുക. നാട്ടുപ്രമാണികളുടെ സാന്നിധ്യത്തിൽ തെക്കും വടക്കും ചേരികളുടെ പ്രതിനിധികളായി 12 പേർ വീതം ഇരു വശങ്ങളിലുമായി നിന്ന് കരവിളിച്ച് നടത്തുന്ന ചടങ്ങ് ആർപ്പുവിളികളും ആരവങ്ങളുമായി പിരിയുന്നു. തുടർന്ന് ദേവി തന്റെ പിറന്നാളിന് നാട്ടുകാരെ ക്ഷണിക്കാനെത്തുന്നതാണ് പറയിടീൽ ചടങ്ങ്. ഉത്സവത്തിനും തിരുന്നാളിനും വരുന്ന ചെലവ് വഹിക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. ധാന്യത്തിന്റെയോ സമ്പാദ്യത്തിന്റെയോ ഒരു ഭാഗം അതിനുവേണ്ടി അവർ ദേവിക്ക് സമർപ്പിക്കുന്നു. നാടുകണ്ട്, 20ഓളം ദിവസം നീണ്ടതാണ് പറയിടീൽ ചടങ്ങ്. നാടുകണ്ട് തിരിച്ചെത്തുന്ന ദേവിക്കു മുൻപിൽ അധികം വൈകാതെ ഉത്സവം അരങ്ങേറുന്നു.പത്തു ദിവസം നീണ്ട ഉത്സവത്തിന്റെ ആദ്യ ഏഴ് ദിവസം സപ്താഹാദികളാണ്. എട്ട്, ഒൻപത്, പത്ത് (മകം, പൂരം, ഉത്രം) ദിവസങ്ങളിലാണ് യഥാർത്ഥ ഉത്സവം അരങ്ങേറുന്നത്. പൂരം ദിവസം വമ്പിച്ച ഘോഷയാത്രയും, വെടിക്കെട്ടും അരങ്ങേറുന്നു. തലവൂർ ദേശത്തിന്റെ പ്രസിദ്ധി വർദ്ധിപ്പിച്ചതിൽ വെടിക്കെട്ടിന് നിർണ്ണായക സ്ഥാനമാണുള്ളത്.
            


Monday, April 23, 2018

മഹാലക്ഷ്മിഅഷ്ടകം.



ധനലക്ഷ്മി
നമസ്തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ
ശംഖചക്രഗദാ ഹസ്തേ ! മഹാലക്ഷ്മി നമോസ്തുതേ !!

ധാന്യലക്ഷ്മി
നമസ്തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി !
സർവ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ധൈര്യലക്ഷ്മി
സർവജ്ഞേ സർവവരദേ സർവദുഷ്ട ഭയങ്കരീ
സർവദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ശൗര്യലക്ഷ്മി
സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിബുദ്ധി പ്രദായിനി
മന്ത്രമൂർത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിദ്യാലക്ഷ്മി
ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി
യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ !!

കീർത്തിലക്ഷ്മി
സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിജയലക്ഷ്മി
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി
പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ !!

രാജലക്ഷ്മി
ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ
ജഗൽസ്ഥിതേ ജഗന്മാതർ— മഹാലക്ഷ്മി നമോസ്തുതേ !!

Popular Posts