Saturday, May 5, 2018

തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം.


                  ദക്ഷിണ കേരളത്തിലെ ഒരു പ്രധാന ദുർഗാ ദേവി ക്ഷേത്രമാണു തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാ ദേവി ക്ഷേത്രം. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ തലവൂർ ഗ്രാമത്തിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുന്നിക്കോട് - പട്ടാഴി പാതയിൽ കുന്നിക്കോട്ടു നിന്നും 3 കിലോമീറ്റർ മാറിയാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷാസുര മർദ്ദിനി ഭാവത്തിലുള്ള ദുർഗ്ഗയാണു ഇവിടുത്തെ പ്രതിഷ്ഠ.
തലവൂർ ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഭൂതത്താൻ മുകളിലാണ്. ക്ഷേത്രത്തോട് ചേർന്ന് കുന്നിൻ മുകളിലാണ് ഇത്. പണ്ട് ഘോരവനമായിരുന്ന ഇവിടെ ദേവീസാന്നിധ്യം ആദ്യം അനുഭവിച്ചറിഞ്ഞത് പുല്ലുപറിക്കാനെത്തിയ താഴ്ന്ന ജാതിയിൽ പെട്ടവരായിരുന്നു. വലിയ കുന്നും ഘോരവനമുമായതിനാൽ ഇവിടെയെത്താൻ ഭക്തർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടർന്ന് താഴ്വാരത്ത് ക്ഷേത്രം പണിയുകയായിരുന്നു.

ഉപ ദേവാലയങ്ങൾ
ഗണപതി
മുരുകൻ
യക്ഷി നട
രക്ഷസ്സ്
സർപ്പക്കാവ് - നാഗരാജാവ്, നാഗയക്ഷി
യോഗീശ്വരൻ
നവഗ്രഹങ്ങൾ

പ്രധാന ചടങ്ങുകൾ
തലവൂർ പൂരം (കുംഭ മാസത്തിലെ പൂരം നാൾ)
തലവൂർ പൊങ്കാല (മകര മാസത്തിലെ ആദ്യ ഞായറാഴ്ച)
തൈപ്പൂയ മഹോത്സവം
നവരാത്രി ഉത്സവം-വിദ്യാരംഭം
ഷഷ്ഠി വ്രതം
നാരങ്ങാവിളക്ക് (മലയാളമാസത്തിലെ ആദ്യ ഞായറാഴ്ച)
വിളക്കുപൂജ (മലയാളമാസത്തിലെ അവസാന വെള്ളിയാഴ്ച)
രാമായണ മാസാചരണം (മണ്ഡലചിറപ്പ് മഹോത്സവം)
നവരാത്രി ഉത്സവം.

തലവൂർ പൂരം.
      ചരിത്ര പ്രസിദ്ധമായ തലവൂർ പൂരം നടക്കുന്നതു ഈ ക്ഷേത്രത്തിലാണു്. കുംഭ മാസത്തിലെ പൂരം നാളിലാണു ഈ ഉത്സവം കൊണ്ടാടുന്നത്. 
ദേവീക്ഷേത്രസന്നിധിയിൽ കുംഭമാസത്തിൽ നാട്ടുകാർ ഒത്തുകൂടി "കീഴ്പ്പതിവുപോൽ പതിവടിയന്തരങ്ങൾ നടത്തിക്കൊള്ളാം" എന്ന് പ്രതിജ്ഞ ചെയ്തു പിരിയുന്നതോടെയാണ് പൂരത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കുക. നാട്ടുപ്രമാണികളുടെ സാന്നിധ്യത്തിൽ തെക്കും വടക്കും ചേരികളുടെ പ്രതിനിധികളായി 12 പേർ വീതം ഇരു വശങ്ങളിലുമായി നിന്ന് കരവിളിച്ച് നടത്തുന്ന ചടങ്ങ് ആർപ്പുവിളികളും ആരവങ്ങളുമായി പിരിയുന്നു. തുടർന്ന് ദേവി തന്റെ പിറന്നാളിന് നാട്ടുകാരെ ക്ഷണിക്കാനെത്തുന്നതാണ് പറയിടീൽ ചടങ്ങ്. ഉത്സവത്തിനും തിരുന്നാളിനും വരുന്ന ചെലവ് വഹിക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. ധാന്യത്തിന്റെയോ സമ്പാദ്യത്തിന്റെയോ ഒരു ഭാഗം അതിനുവേണ്ടി അവർ ദേവിക്ക് സമർപ്പിക്കുന്നു. നാടുകണ്ട്, 20ഓളം ദിവസം നീണ്ടതാണ് പറയിടീൽ ചടങ്ങ്. നാടുകണ്ട് തിരിച്ചെത്തുന്ന ദേവിക്കു മുൻപിൽ അധികം വൈകാതെ ഉത്സവം അരങ്ങേറുന്നു.പത്തു ദിവസം നീണ്ട ഉത്സവത്തിന്റെ ആദ്യ ഏഴ് ദിവസം സപ്താഹാദികളാണ്. എട്ട്, ഒൻപത്, പത്ത് (മകം, പൂരം, ഉത്രം) ദിവസങ്ങളിലാണ് യഥാർത്ഥ ഉത്സവം അരങ്ങേറുന്നത്. പൂരം ദിവസം വമ്പിച്ച ഘോഷയാത്രയും, വെടിക്കെട്ടും അരങ്ങേറുന്നു. തലവൂർ ദേശത്തിന്റെ പ്രസിദ്ധി വർദ്ധിപ്പിച്ചതിൽ വെടിക്കെട്ടിന് നിർണ്ണായക സ്ഥാനമാണുള്ളത്.
            


No comments:

Post a Comment

Popular Posts