തിരുവനന്തപുരം
നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് തിരുവനന്തപുരം
ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്മേൽ ശയിയ്ക്കുന്ന വിഷ്ണുവാണ്
ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ
കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി
ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ
മുഖമുദ്രകളിലൊന്നാണ്.
അനന്തന്റെ മുകളിൽ
യോഗനിദ്രയിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. പതിനെട്ടടി നീളം
വരുന്ന വിഗ്രഹം. പത്മനാഭസ്വാമിയുടെ വിഗ്രഹം
കടുശർക്കരയോഗക്കൂട്ടുകൊണ്ടുണ്ടാക്കിയതിനാൽ അഭിഷേകം ചെയ്താൽ അലിഞ്ഞുപോകും. അതിനാൽ
ഭഗവാന്റെ മറ്റൊരു വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ വിഗ്രഹത്തിലാണ് അഭിഷേകം
നടത്തുന്നത്.[32]ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ.
വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു
താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം. അനന്തന്റെ
പത്തികൊണ്ട് ദേവന്റെ മൂർധാവ് മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും
പുറപ്പെടുന്ന താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. ഒരേ ശ്രീകോവിലിൽ
ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം ഈ ദേവാലയത്തിന്റെ പ്രത്യേകതയാണ്. അതിനു പുറകിലായി
ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്. ഭഗവാന്റെ മാറിടത്തിനെതിരെയായി
ശ്രീഭഗവതിയെയും അൽപം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
ഹാവിഷ്ണുവിന്റെ
അവതാരമായ ശ്രീബലരാമൻ ഭാരതവർഷം മുഴുവൻ പ്രദക്ഷിണമായി സഞ്ചരിച്ച് തീർത്ഥ സ്നാനം
ചെയ്തതായി ശ്രീമദ്ഭാഗവതം (ദശമസ്കന്ധം 79: 18) പറയുന്നു.
കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം വിഷ്ണു സാന്നിധ്യമുള്ള തിരുവനന്തപുരത്ത്
വന്ന് പദ്മതീർത്ഥത്തിൽ സ്നാനം ചെയ്ത് പശുക്കളെ ദാനം ചെയ്തുവെന്നും പുരാണം
വിവരിക്കുന്നു.
ഭഗവാൻ ബലരാമന്റെ ആഗമനവുമായി ബന്ധപ്പെട്ട്
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രചാരമുള്ള കഥ ഇപ്രകാരമാണ്. ദ്വാപരയുഗത്തിൽ തന്നെ
തിരുവനന്തപുരത്ത് പദ്മനാഭ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇവിടെ പദ്മനാഭ വിഗ്രഹമോ
ക്ഷേത്രമോ ഇല്ലായിരുന്നു. തിരുവനന്തപുരം അന്ന് അനന്തൻകാടെന്ന വനം ആയിരുന്നു.
വനത്തിനുള്ളിലാണ് പദ്മതീർത്ഥക്കുളം സ്ഥിതി ചെയ്തിരുന്നത്. പദ്‌മതീർത്ഥത്തിൽ സ്നാനം
ചെയ്ത ശേഷം ബലരാമൻ കുളക്കരയിൽ വച്ച് ഗോദാനം ചെയ്തു. വളരെക്കാലമായി ബലരാമന്റെ ആഗമനം
കാത്തിരുന്ന ദേവന്മാരും സിദ്ധന്മാരും മുനികളും അദ്ദേഹത്തെ കാണാൻ എത്തി. അവരെ
ആലിംഗനം ചെയ്‌തു സ്വീകരിച്ച ഭഗവാൻ വേണ്ട വരം ചോദിക്കാമെന്ന് പറഞ്ഞു. സാമ്രാജ്യമോ
സ്വർഗ്ഗമോ എന്നല്ല സാക്ഷാൽ വൈകുണ്ഠ ലോകം പോലും വേണ്ടെന്ന് പറഞ്ഞ ആ മഹാഭാഗവതന്മാർ
തങ്ങൾക്ക് ഭഗവദ്ദർശനം ലഭിച്ച പദ്മതീർത്ഥക്കരയിൽ ഭഗവാനെ മാത്രം സ്മരിച്ചും നാമ
സങ്കീർത്തനം ചെയ്തും കഴിയാനാണ് മോഹമെന്നും പറഞ്ഞു. അങ്ങനെ ആകട്ടേ എന്ന് ബലരാമൻ
അനുഗ്രഹിച്ചു.
ബലരാമൻ ഗോദാനം ചെയ്ത സ്ഥാനത്താണ് ശ്രീപദ്‌മനാഭസ്വാമി
ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗം സ്ഥിതി ചെയ്യുന്നത്. ഈ ഭാഗം
മഹാഭാരതക്കോൺ എന്നാണ് അറിയപ്പെടുന്നത്. എ നിലവറയും ബി നിലവറയും സ്ഥിതി ചെയ്യുന്നത്
മഹാഭാരതക്കോണിലാണ്. അവതാരപുരുഷൻ ഗോദാനം ചെയ്ത സ്ഥാനത്ത് ഐശ്വര്യം കളിയാടും എന്നതു
കൊണ്ടു തന്നെ ആയിരിക്കണം ക്ഷേത്ര സമ്പത്തിന്റെ സിംഹഭാഗവും സൂക്ഷിക്കുന്ന എ നിലവറ
മഹാഭാരതക്കോണിൽ സ്ഥാപിക്കപ്പെട്ടത്. ബലരാമസ്വാമിയുടെ അനുഗ്രഹം ലഭിച്ച ദേവന്മാരും
സിദ്ധന്മാരും മുനികളും ബി നിലവറയിൽ തപസ്സു ചെയ്യുന്നു എന്നാണ് വിശ്വാസം. പണ്ട്
മഹാഭാരതക്കോണിൽ ക്ഷേത്രം വകയായി മഹാഭാരത പാരായണം നടന്നിരുന്നു.
ബി നിലവറയുടെ അടിയിൽ ശ്രീപത്മനാഭസ്വാമിയുടെ
ചൈതന്യപുഷ്ടിക്കായി സ്ഥാപിച്ചിട്ടുള്ള അനവധി വസ്തുക്കൾ ഉണ്ട്. ആദിശേഷ പാർഷദന്മാരായ
നാഗങ്ങൾ ഈ നിലവറയ്ക്കുള്ളിൽ ഉണ്ടത്രേ. കൂടാതെ കാഞ്ഞിരോട്ടു യക്ഷിയമ്മ തെക്കേടത്തു
നരസിംഹസ്വാമിയെ സേവിച്ച് നിലവറയ്ക്കുള്ളിൽ വസിക്കുന്നു. ഈ നിലവറയുടെ
സംരക്ഷകൻ ശ്രീ നരസിംഹസ്വാമിയാണ്. നിലവറയുടെ കിഴക്കേ ഭിത്തിയിലുള്ള സർപ്പച്ചിഹ്നം
അപായ സൂചന ആണത്രേ. 2011 ഓഗസ്റ്റ് മാസം ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നം ഈ
നിലവറ തുറക്കാൻ പാടില്ലെന്ന ഭക്തജനങ്ങളുടെ വിശ്വാസം ശരി വയ്ക്കുകയും ഈ അറ
നിരോധിതമേഖല ആണെന്നു വിധിക്കുകയും ചെയ്തു. ഈ നിലവറ തുറക്കുന്നതു
ശ്രീപത്മനാഭസ്വാമിയുടെ ഉഗ്രകോപം ക്ഷണിച്ചു വരുത്തും എന്നും ദൈവജ്ഞന്മാർ
മുന്നറിയിപ്പു നല്കി.
ബി നിലവറ തുറക്കാൻ പാടില്ലെന്നാണ്
വിശ്വാസമെങ്കിലും അതിനു മുന്നിൽ അതിലേയ്ക്ക് നയിക്കുന്ന ഒരറയുണ്ട്. ഈയറയിൽ
വെള്ളിക്കട്ടികൾ, വെള്ളിക്കുടങ്ങൾ ഉൾപ്പെടെ പല അമൂല്യ വസ്തുക്കളും
സൂക്ഷിച്ചിട്ടുണ്ട്. ഈയറ 1931 ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിൻറെ കൽപ്പന അനുസരിച്ച്
തുറന്നിട്ടുണ്ട്. ഉത്രാടം തിരുനാൾ മഹാരാജാവിൻറെ കാലത്തും ഇതു പല ആവശ്യങ്ങൾക്കുമായി
തുറന്നിട്ടുണ്ട്.
1933-ൽ തിരുവനന്തപുരം സന്ദർശിച്ച എമിലി
ഗിൽക്രിസ്റ്റ് ഹാച്ച് തന്റെ പുസ്തകത്തിൽ കല്ലറകളെ സംബന്ധിച്ച് ഒരു കാര്യം
പറയുന്നുണ്ട്. 1908 ൽ കല്ലറ തുറക്കാൻ ശ്രമിച്ചവർ മഹാസർപ്പങ്ങളെക്കണ്ടു ഭയന്നു
പ്രാണനും കൊണ്ടോടിയതായി അവർ വെളിപ്പെടുത്തുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ആറു
നിലവറകളിൽ അഞ്ചും അമൂല്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ്റൂമുകൾ ആണ്. എന്നാൽ
ആറാമത്തെ നിലവറ ആയ ബി നിലവറ ഒരു സ്ട്രോങ്റൂം അല്ല. മറിച്ചതു ദേവചൈതന്യവും ആയി
അഭേദ്യബന്ധം ഉള്ള ഒരു പവിത്രസ്ഥാനം ആണ്.
ക്ഷേത്രത്തിൽ രണ്ട്
കൊടിമരങ്ങളുണ്ട്. പത്മനാഭസ്വാമിയുടെ നടയിൽ സ്വർണ്ണക്കൊടിമരവും തിരുവമ്പാടി
ശ്രീകൃഷ്ണസ്വാമിയുടെ നടയിൽ വെള്ളിക്കൊടിമരവുമാണുള്ളത്. രണ്ടുദേവന്മാരും
വിഷ്ണുപ്രതിഷ്ഠയായതിനാൽ ഗരുഡനെ ശിരസ്സിലേറ്റുന്നതാണ് രണ്ടു കൊടിമരങ്ങളും.
ക്ഷേത്രത്തിൽ മീനം, തുലാം എന്നീ മാസങ്ങളിൽ കെങ്കേമമായി ഉത്സവം നടക്കുന്നു.
തുലാമാസത്തിൽ അത്തം കൊടികയറി തിരുവോണം ആറാട്ടായും മീനമാസത്തിൽ രോഹിണി കൊടികയറി
അത്തം ആറാട്ടായുമാണ് ഉത്സവം. മുഖ്യമൂർത്തികളെ സിംഹം, അനന്തൻ, ഗരുഡൻ, തുടങ്ങി വിവിധ
വാഹനങ്ങളിൽ എഴുന്നള്ളിയ്ക്കുന്നു. രണ്ടു കൊടിമരങ്ങളിലും ഈയവസരങ്ങളിൽ കൊടിയുണ്ട്.
ഭഗവാന്റെ നിർമ്മാല്യമൂർത്തിയായ വിഷ്വൿസേനൻ
നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് തെക്കോട്ട് ദർശനമായി വാഴുന്നു. ഇരിയ്ക്കുന്ന
രൂപത്തിലാണ് പ്രതിഷ്ഠ. കൂടാതെ വലിയമ്പലത്തോടുചേർന്ന് വേദവ്യാസൻ, അശ്വത്ഥാമാവ്
എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ലോകത്ത് മറ്റൊരിടത്തും അശ്വത്ഥാമാവിനെ
പ്രതിഷ്ഠിച്ചിട്ടില്ല. വേദവ്യാസപ്രതിഷ്ഠകൾ വേറെയും ചിലയിടത്തുണ്ടെങ്കിലും
അത്യപൂർവ്വമാണ്. രണ്ട് വിഗ്രഹങ്ങളും പഞലോഹനിർമ്മിതമാണ്. പടിഞ്ഞാട്ട് ദർശനം.
നാലമ്പലത്തിനുപുറത്ത് വടക്കുഭാഗത്ത്
കിഴക്കോട്ട് ദർശനമായി ശിവന്റെ എട്ടു ഭൈരവന്മാരിലൊരാളായ ക്ഷേത്രപാലകൻ എന്ന ഭൂതത്തെ
പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ക്ഷേത്രത്തെ
പാലിയ്ക്കുകയാണ് ക്ഷേത്രപാലകന്റെ കർത്തവ്യം.
കൂടാതെ നാലമ്പലത്തിനുപുറത്ത കിഴക്കേ
ഗോപുരത്തോടുചേർന്ന് ഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ പത്നിയായ സീതയോടും
അനുജനായ ലക്ഷ്മണനോടും ചേർന്നുനിൽക്കുന്ന രൂപത്തിൽ രണ്ട് പ്രതിഷ്ഠകളുണ്ട്. ഒന്ന്
വനവാസകാലത്തെയും മറ്റേത് ശ്രീരാമപട്ടാഭിഷേകത്തെയും സൂചിപ്പിയ്ക്കുന്നു. കൂടാതെ
വിഗ്രഹത്തിനുകീഴിൽ ഹനുമാൻ, എട്ടുകൈകളോടുകൂടിയ പത്നീസമേതനായ ഗണപതി, കാളിയമർദ്ദനം
നടത്തുന്ന ശ്രീകൃഷ്ണൻ എന്നിവർക്കും പ്രതിഷ്ഠയുണ്ട്. കൂടാതെ ഹനുമാന്റെതന്നെ
ഭീമാകാരമായ മറ്റൊരു പ്രതിഷ്ഠയും സമീപത്തായിത്തന്നെ ഗരുഡൻ, മഹാമേരുചക്രം എന്നീ
പ്രതിഷ്ഠകളുമുണ്ട്. പടിഞ്ഞാട്ടാണ് ഇവരുടെയെല്ലാം ദർശനം.
ക്ഷേത്രത്തിലെ അഗ്രശാലയിൽ മറ്റൊരു
ഗണപതിപ്രതിഷ്ഠയുണ്ട്. പടിഞ്ഞാട്ടാണ് ദർശനം. ക്ഷേത്രത്തിലെ അന്നദാനം ഈ
പ്രതിഷ്ഠയ്ക്കുമുന്നിലാണ് നടത്തുന്നത്. കൂടാതെ യോഗാസനഭാവത്തിൽ സ്വയംഭൂവായ
ശാസ്താവും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കിഴക്കോട്ടാണ് ശാസ്താവിന്റെയും
ദർശനം.
ക്ഷേത്രത്തിൽ സമാധിയിരിക്കുന്ന സിദ്ധയോഗിയായ
ശ്രീ അഗസ്ത്യർ ആണ് ക്ഷേത്രത്തിലെ പൂജാവട്ടങ്ങൾ ചിട്ടപ്പെടുത്തിയതെനും
ഉപദേവതാപ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. അഗസ്ത്യരുടെ സമാധി ഹനുമാൻ
പ്രതിഷ്ഠയ്ക്കു നേരെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള
മഹാക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം. കിഴക്കേ
കോട്ടയ്ക്കകത്തെ പുണ്യതീർത്ഥമാണ് പത്മതീർത്ഥക്കുളം. ശ്രീ പത്മനാഭ ക്ഷേത്രത്തിന്
കിഴക്കുഭാഗത്തായി വിസ്തൃത മനോഹരമായ അന്തരീക്ഷത്തിലാണ് പത്മതീർത്ഥം സ്ഥിതി
ചെയ്യുന്നത്.കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്നാണ് പത്മതീർത്ഥക്കുളം.