ശ്രീരാമക്ഷേത്രങ്ങളിൽ ഏറ്റവും
പ്രാധാന്യം അർഹിക്കുന്നവയിലൊന്നാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം.
മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ "മര്യാദാ പുരുഷോത്തമൻ" ശ്രീരാമനെ
ഖരനെ വധിച്ച ഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
ഉഗ്രമൂർത്തിയാണ്. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയേയും സർവംസഹയായ ഭൂമീദേവിയെയും
ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറ്
ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ എന്ന സ്ഥലത്ത് കരുവന്നൂർ പുഴയുടെ
കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ഈ
ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ
നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്.കർക്കിടക മാസത്തിലെ പ്രസിദ്ധമായ "നാലമ്പല
ദർശനവും" ഈ ക്ഷേത്രങ്ങളിൽ ആണ് നടക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട
ശ്രീരാമക്ഷേത്രമാണിത്. ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ
വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു.
ഗണപതി, ദക്ഷിണാമൂർത്തി
(പരമശിവൻ), ധർമ്മശാസ്താവ്, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണൻ), ഹനുമാൻ, ചാത്തൻ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ.
വൃശ്ചികമാസത്തിൽ വരുന്ന കൃഷ്‍ണപക്ഷ
ഏകാദശിയാണ് അവിടെ പ്രധാനമായി കൊണ്ടാടപ്പെടുന്നത് .ഏകാദശിദിവസം ,ശ്രീരാമസ്വാമിയുടെ
ഉത്സവവിഗ്രഹം (തിടമ്പ് )പുറത്തേക്ക് എടുത്ത് ആനപ്പുറത്ത് വാദ്യഘോഷങ്ങളുടെ
അകമ്പടിയോടെ ശീവേലി നടത്തുന്നു.21 ആനകൾ ഇതിൽ പങ്കെടുക്കാറുണ്ട് .ഏകാദശിദിവസം
പ്രത്യേക പൂജകളും നടത്തപ്പെടുന്നുണ്ട്. അവിടെ കൊടിയേറി ഉത്സവമില്ല.
മീനമാസത്തിലെ
ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീ പേരുകളിൽ
അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. ശ്രീദേവി ഭൂദേവീ സമേതനായ
തൃപ്രയാറപ്പനെ ദർശിച്ചാൽ ദുരിതങ്ങളും ദാരിദ്ര്യവും അകലുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിലെ
പ്രധാന വഴിപാടുകളിലൊന്നായ മീനൂട്ടിന് ഇവിടെ പ്രത്യേകം കടവുണ്ട്. ഈ കടവിൽ ഭക്തർക്ക്
കുളിയ്ക്കാൻ അവകാശമില്ല. അതിന് പ്രത്യേകം കടവുകൾ അടുത്തുണ്ട്. പുഴയിൽ എണ്ണ, സോപ്പ്, ഷാമ്പൂ മുതലയാവ
തേച്ചുകുളിയ്ക്കുന്നതും മീൻ പിടിയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു. കിഴക്കേ
നടയിൽ തന്നെയാണ് ബലിക്കൽപ്പുരയും സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ വലിയ
ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. നല്ല ഉയരമുള്ള ബലിക്കല്ലാണ് ഇവിടെയുള്ളത്.
അതിനാൽ, പുറത്തുനിന്ന്
നോക്കുമ്പോൾ വിഗ്രഹം കാണാൻ കഴിയില്ല. ഐതിഹ്യപ്രകാരം ഇവിടെ ബലിക്കല്ല് നിൽക്കുന്ന
സ്ഥലത്താണ് ശ്രീരാമവിഗ്രഹത്തിലെ പ്രാവ് വന്നിരുന്നത്. അത് പ്രതിഷ്ഠ
കഴിഞ്ഞുണ്ടായതാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ബലിക്കല്ലിന് വളരെയധികം
പ്രാധാന്യമുണ്ട്. ആദ്യം ഇളകിക്കൊണ്ടിരുന്ന ഈ ബലിക്കല്ല് ഉറപ്പിച്ചത് നാറാണത്ത്
ഭ്രാന്തനാണെന്നും വിശ്വാസമുണ്ട്. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും
അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
ആറടിയിലധികം
ഉയരം വരുന്ന അഞ്ജനശിലാനിർമ്മിതമായ വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി തൃപ്രയാറപ്പൻ
കുടികൊള്ളുന്നു. ഖരൻ, ദൂഷണൻ, ത്രിശിരസ്സ് എന്നീ മൂന്ന് രാക്ഷസന്മാരെയും അവരുടെ പതിനായിരം
പടയാളികളെയും വെറും മൂന്നേമുക്കാൽ നാഴികകൊണ്ട് നിഗ്രഹിച്ചശേഷം പ്രദർശിപ്പിച്ച
വിശ്വരൂപമാണ് ഇവിടത്തെ പ്രതിഷ്ഠയുടെ രൂപമെന്ന് വിശ്വസിച്ചുവരുന്നു. ചതുർബാഹുവായ
ശ്രീരാമസ്വാമി പുറകിലെ വലതുകയ്യിൽ തന്റെ വില്ലായ കോദണ്ഡവും പുറകിലെ ഇടതുകയ്യിൽ
സുദർശനചക്രവും മുന്നിലെ വലതുകയ്യിൽ അക്ഷമാലയും മുന്നിലെ ഇടതുകയ്യിൽ പാഞ്ചജന്യം
എന്ന ശംഖും ധരിച്ചിരിയ്ക്കുന്നു. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതം കൂടിയാണ്.
മേൽപ്പറഞ്ഞതുപ്രകാരം തൃപ്രയാറപ്പൻ ത്രിമൂർത്തിചൈതന്യത്തോടുകൂടിയ മൂർത്തിയാണ്.
അതായത്, ഭഗവാന്റെ
കൈകളിലെ ശംഖചക്രങ്ങൾ വിഷ്ണുവിനെയും കോദണ്ഡം ശിവനെയും അക്ഷമാല ബ്രഹ്മാവിനെയും
പ്രതിനിധീകരിയ്ക്കുന്നു. ഖരവധത്തിനുശേഷമുള്ള ഭാവമായതിനാൽ അത്യുഗ്രമൂർത്തി കൂടിയാണ്
ഭഗവാൻ. ഈ ഉഗ്രത കുറയ്ക്കാൻ ഭഗവാന്റെ ഇരുവശവും ശ്രീദേവിയെയും ഭൂമീദേവിയെയും
പ്രതിഷ്ഠിച്ചിട്ടുണ്ട്.വിഗ്രഹത്തിൽ സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്.
വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ പൂർണ്ണമായും ആവാഹിച്ചുകൊണ്ട് തൃപ്രയാറപ്പൻ
ത്രിമൂർത്തിചൈതന്യത്തോടെ, ശ്രീദേവീഭൂദേവീസമേതനായി ശ്രീലകത്ത് വാഴുന്നു.
ശ്രീരാമൻ ചിറയിൽ സേതുബന്ധനം
സീതാദേവിയെ
വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിൽ കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മയ്ക്കായി
എല്ലാ വർഷവും കന്നിമാസത്തിലെ തിരുവോണനാളിൽ തൃപ്രയാർ തേവർ സേതു
നിർമ്മിക്കുന്നയിടമാണ് ചെമ്മാപ്പിള്ളിയിലെ ശ്രീരാമൻ ചിറ.ചിറ നിർമ്മാണ സമയത്ത്
പങ്കെടുത്ത് സേതുബന്ധനത്തിൽ ഒരു പിടി മണ്ണ് സമർപ്പിക്കുന്നത് ഭക്തർ പുണ്യമായി
കരുതുന്നു. അന്ന് മണ്ണു വാരിയിടുന്നതിന് സാധിക്കാത്തവർ പിന്നീട് തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം ഇവിടെ വന്ന്
സ്വന്തം വാസസ്ഥലത്ത് നിന്നും ശേഖരിച്ച ഒരു പിടി മണ്ണ് സമർപ്പിക്കാറുണ്ട്. മണ്ണ്
സമർപ്പിക്കുന്ന ചടങ്ങാണ് സേതുബന്ധന വന്ദനം.
ശ്രീരാമൻ ചിറയിൽ , സേതുബന്ധനം
നടത്തുന്നതിനും, ആറാട്ടുപുഴ പങ്കെടുക്കുന്നതിനും മാത്രമാണ് തൃപ്രയാർ ക്ഷേത്രനട
നേരത്തെ അടയ്ക്കുന്നത് സേതുബന്ധനത്തിനായി ക്ഷേത്രനട അടച്ചതിനു ശേഷം ആരും തന്നെ
കിഴക്കെനടയിലേക്കു പ്രവേശിക്കുവാനും പാടില്ലത്രെ. തൃപ്രയാർ തേവർ മുതലപ്പുറത്ത്
കയറിയാണ് ചിറകെട്ടുന്നതിനു പോകുന്നത്. നട അടക്കുന്ന സമയത്ത് മീനൂട്ടുകടവിൽ
അസാധാരാണമായ തിരയിളക്കം കാണാനാവുമെന്ന് പൂർവ്വികർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തൃപ്രയാറിലെ
ദർശനം പൂർത്തിയാകണമെങ്കിൽ ശ്രീരാമൻ ചിറയിലും പോകണമെന്നാണ് ഭക്തജനവിശ്വാസം. എന്നാൽ
എന്തെങ്കിലും കാരണവശാൽ അതിനു കഴിഞ്ഞില്ലെങ്കിൽ ക്ഷേത്രദർശനം നടത്തുന്നതിനിടയിൽ
ശ്രീകൃഷ്ണക്ഷേത്രത്തിനുമുമ്പിലെത്തി വടക്കുകിഴക്കേമൂലയിലേക്കുനോക്കി വന്ദിച്ചാലും
മതിയെന്നും പറയപ്പെടുന്നു
തൃശൂരിൽ നിന്നും ഏകദേശം 25 km ദൂരത്തായി കൊടുങ്ങല്ലൂർ - ഗുരുവായൂർ
റൂട്ടിൽ നിന്നും 1 km കിഴക്കോട്ടുമാറി നദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

No comments:
Post a Comment