Tuesday, February 6, 2018

വടക്കുന്നാഥ ക്ഷേത്രം തൃശ്ശൂർ.


             തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ, ശ്രീരാമൻ, പാർവ്വതി എന്നിവരാണ് പ്രധാനദേവതകൾ.കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുംനാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണ കൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നത്.
        മുമ്പിൽ വലിയ നമസ്കാരമണ്ഡപമുള്ള വലിയ വട്ടശ്രീകോവിലിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടഭിമുഖമായാണ് പ്രതിഷ്ഠ. പാർവ്വതീസമേതനായി കൈലാസത്തിലമരുന്ന സദാശിവൻ എന്നതാണ് പ്രതിഷ്ഠാസങ്കല്പം. പരബ്രഹ്മസങ്കല്പവുമുണ്ട്. മറ്റ് ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ശിവലിംഗമാണ് പ്രതിഷ്ഠ. എന്നാൽ ദിവസേന നടക്കുന്ന നെയ്യഭിഷേകം മൂലം ശിവലിംഗം കാണാൻ കഴിയില്ല. അഭിഷേകം കഴിഞ്ഞും നെയ്യ് നീക്കം ചെയ്യുന്നില്ല എന്നതാണ് ഇതിനുള്ള കാരണം. അങ്ങനെ നെയ്യ് അടിഞ്ഞുകൂടി സ്വയം ഒരു ശിവലിംഗം രൂപപ്പെട്ടു. അതാണ് ഇന്ന് ക്ഷേത്രത്തിൽ വരുന്ന ഭക്തർ ദർശിയ്ക്കുന്നത്. ഭഗവാന്റെ വാസസ്ഥാനമായ കൈലാസപർവ്വതത്തെയും അമർനാഥ് ക്ഷേത്രത്തിലെ മഞ്ഞുകൊണ്ടുള്ള ശിവലിംഗത്തെയും ഇത് അനുസ്മരിപ്പിയ്ക്കുന്നു.
                വട്ടശ്രീകോവിലിൽ മൂന്നാമത്തെ അറയായ ഗർഭഗൃഹത്തിനുള്ളിൽ നെയ്യ് കൊണ്ട് മൂടി മനുഷ്യദൃഷ്ടിയ്ക്ക് ഗോചരനാകാത്ത വിധത്തിൽ ജ്യോതിർലിംഗമായി വടക്കുംനാഥൻ ദർശനമരുളുന്നു. ജ്യോതിർലിംഗത്തിൽ ഏകദേശം എട്ടൊമ്പതടി ഉയരത്തിൽ 25 അടിയോളം ചുറ്റളവിൽ നെയ്മല സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അന്തരീക്ഷത്തിലെ താപവും ദീപങ്ങളുടെ ചൂടും കൊണ്ടുപോലും ഇതിനു നാശം സംഭവിക്കുന്നില്ല. മാത്രവുമല്ല, ഇത്രയും നെയ്യ് ഇവിടെ അടിഞ്ഞുകൂടിയിട്ടും ഇവിടെ ഉറുമ്പുകൾ ഒന്നും തന്നെയില്ല. ശിവലിംഗം കാണാൻ കഴിയാത്ത ഏക ക്ഷേത്രമാണ് വടക്കുംനാഥക്ഷേത്രം.
നെയ്മലയിൽ ദർശനത്തിനുവേണ്ടി ചന്ദ്രക്കലകൾ ചാർത്തുന്നുണ്ട്. നെയ്മല ഇടിയുകയാണെങ്കിൽ ആ ഭാഗത്തുള്ള ദേശങ്ങൾക്ക് അനിഷ്ടം സംഭവിക്കുമെന്നു് കരുതുന്നു. 2006 നവംബർ 19-ന് അത്തരത്തിലൊരു സംഭവമുണ്ടായി. ക്ഷേത്രനട അടച്ചുപോയ സമയത്ത് ഉഗ്രമായ തീപ്പിടുത്തമുണ്ടായി നെയ്യ് മുഴുവൻ ഉരുകിപ്പോയി. എന്നാൽ ശിവലിംഗം ദർശനീയമായില്ല. 2005-ൽ ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടാകും എന്ന് പറഞ്ഞിരുന്നു. അതിന് പ്രതിവിധിയായി അതിരുദ്രമഹായജ്ഞം നടത്താനിരിയ്ക്കുമ്പോഴായിരുന്നു അഗ്നിബാധ.
          നെയ്യഭിഷേകം തന്നെയാണ് വടക്കുംനാഥന്റെ പ്രധാന വഴിപാടും. ശുദ്ധമായ ആറിടങ്ങഴി പശുവിൻ നെയ്യാണ് ഇവിടെ അഭിഷേകത്തിന് ഉപയോഗിയ്ക്കുന്നത്. അഭിഷേകത്തെത്തുടർന്നുണ്ടാകുന്ന നെയ്മലയ്ക്ക് ബലമുണ്ടാക്കാനായി ഇളനീരഭിഷേകവും നടത്തിവരുന്നു. ധനുമാസത്തിലെ തിരുവാതിര കഴിഞ്ഞുവരുന്ന മൂന്ന് തിങ്കളാഴ്ചകളിൽ ഇതിന്റെ 101 മടങ്ങ് നെയ്യും 1001 മടങ്ങ് ഇളനീരും അഭിഷേകം ചെയ്യാറുണ്ട്. ദേവസ്വം വകയും ഭക്തരുടെ വകയും വഴിപാടുണ്ട്. കൂടാതെ കൂവളമാല, പിൻവിളക്ക്, ഉദയാസ്തമനപൂജ, ഉമാമഹേശ്വരപൂജ, കതിനവെടി തുടങ്ങിയവയും വഴിപാടുകളിൽ പ്രധാനം.

ഉപദേവതകൾ.
         ഗണപതി, നരസിംഹമൂർത്തി, ശ്രീകൃഷ്ണൻ, അയ്യപ്പൻ, സിംഹോദരൻ, പരശുരാമൻ, നന്ദികേശ്വരൻ, വാസുകീശയനശിവൻ, നൃത്തനാഥൻ (നടരാജൻ), ഋഷഭൻ, വേട്ടേയ്ക്കരൻ, നാഗദൈവങ്ങൾ, സുബ്രഹ്മണ്യൻ, ഹനുമാൻ, ആദിശങ്കരാചാര്യർ, കാശീവിശ്വനാഥൻ, ചിദംബരനടരാജൻ, രാമനാഥസ്വാമി, ഊരകത്തമ്മത്തിരുവടി, കൂടൽമാണിക്യസ്വാമി, കൊടുങ്ങല്ലൂരമ്മ (ഭദ്രകാളി), വേദവ്യാസൻ, ദക്ഷിണാമൂർത്തി, പാറമേക്കാവിലമ്മ (ഭദ്രകാളി - മൂലസ്ഥാനം).





No comments:

Post a Comment

Popular Posts