കേരളത്തിന്റെ
തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ്
ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2km തെക്കുമാറി
കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു. ആദിപരാശക്തിയുടെ
മാതൃഭാവമായ ശ്രീഭദ്രകാളിയാണ് "ആറ്റുകാലമ്മ" എന്നറിയപ്പെടുന്നത്.
"കണ്ണകി", "അന്നപൂർണേശ്വരി" ഭാവങ്ങളിലും
പരാശക്തിയെ സങ്കല്പിക്കാറുണ്ട്. ചിരപുരാതനമായ ഈ ക്ഷേത്രം "സ്ത്രീകളുടെ
ശബരിമല" എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ്
"പൊങ്കാല മഹോത്സവം". കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ്
ആറ്റുകാൽ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച്
പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന
ദിവസം നടക്കുന്ന പൊങ്കാലയാണ്. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20km റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും.
അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ്
ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാൽ ആപത്തുകൾ ഒഴിഞ്ഞു ആഗ്രഹിക്കുന്ന
കാര്യം നടക്കുമെന്നും ഒടുവിൽ മോക്ഷം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.
പ്രധാന പ്രതിഷ്ഠ
"ശ്രീഭദ്രകാളി (പരാശക്തി)". വേതാളപ്പുറത്തിരിക്കുന്ന ചതുർബാഹു രൂപം.
ദാരുവിഗ്രഹമാണ്. വടക്കോട്ട് ദർശനം. ശ്രീഭദ്രയാണ്
പ്രതിഷ്ഠയെങ്കിലും "ദുർഗ്ഗ, ലക്ഷ്മി, സരസ്വതി, കണ്ണകി, അന്നപൂർണേശ്വരി" തുടങ്ങി ആദിപരാശക്തിയുടെ വിവിധ
ഭാവങ്ങളിലും ആരാധിക്കുന്നു.
ഉപദേവതകൾ
:
ശിവൻ, ഗണപതി, നാഗർ, മാടൻതമ്പുരാൻ.
കുംഭമാസത്തിലെ പൂരം
നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ്, അതായത് കാർത്തിക
നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്.
ഉത്സവകാലത്തിൽ എല്ലാ ദിവസവും പകൽ ദേവീ കീർത്തനങ്ങളും ഭജനയും രാത്രിയിൽ
ക്ഷേത്രകലകളും നാടൻ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത് ഭദ്രകാളിപ്പാട്ടും
കണ്ണകീചരിതവും തോറ്റംപാടി കാപ്പുകെട്ടി കൊടുങ്ങല്ലൂരിൽ നിന്നും വരുന്ന ശ്രീ
ഭദ്രകാളിയെ കുടിയിരുത്തുന്നതോടെയാണ്. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച് ആറ്റുകാൽ
ക്ഷേത്രത്തിൽ കൊണ്ടുവരുന്നതു മുതൽ ശിവനേത്രത്തിൽ നിന്നും ഉഗ്രരൂപിണിയായ
ഭദ്രകാളിയുടെ അവതാരവും ദാരികനിഗ്രഹവും തുടർന്ന് ദേവിയുടെ മനുഷ്യരൂപത്തിലുള്ള
കണ്ണകിയുടെ ജനനത്തിൽ തുടങ്ങി പാണ്ഡ്യരാജാവിന്റെ വധവും മധുരദഹിപ്പിച്ച കണ്ണകിയുടെ
വിജയവും വരെയുള്ള ഭാഗങ്ങളാണ് പൊങ്കാലയ്ക്ക് മുമ്പായി പാടിത്തീർക്കുന്നത്.
അതിനുശേഷമാണ് പൊങ്കാല അടുപ്പിൽ തീ കത്തിക്കുന്നത്. പൊങ്കാല ദിവസം നടക്കുന്ന
വഴിപാടുകളാണ് ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും.
മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തിൽ മുറിവേറ്റ ഭടന്മാരെയാണ് കുത്തിയോട്ട
ബാലന്മാരായി സങ്കൽപിക്കുന്നത്. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കൽ, ഗുരുതിയോട് കൂടി
ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു. തുലാമാസത്തിലെ "നവരാത്രിയും"
"വിദ്യാരംഭവും" വൃശ്ചികത്തിലെ "തൃക്കാർത്തികയുമാണ്" മറ്റു
വിശേഷ ദിവസങ്ങൾ.
പ്രധാന
വഴിപാടുകൾ.
മുഴുക്കാപ്പ്
പഞ്ചാമൃതാഭിഷേകം
കളഭാഭിഷേകം
(സ്വർണ്ണക്കുടത്തിൽ)
അഷ്ടദ്രവ്യാഭിഷേകം
കലശാഭിഷേകം
പന്തിരുനാഴി
101 കലത്തിൽ പൊങ്കാല
പുഷ്പാഭിഷേകം
ലക്ഷാർച്ചന
ഭഗവതിസേവ
ഉദയാസ്തമനപൂജ
അർദ്ധദിനപൂജ
ചുറ്റ്
വിളക്ക്
ശ്രീബലി
സർവ്വൈശ്വര്യപൂജ
എല്ലാ പൗർണ്ണമി നാളിലും
വെടിവഴിപാട്
ശിവന്
ധാര
ഗണപതിഹോമം.


No comments:
Post a Comment