കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. രൗദ്ര ഭാവത്തിലുള്ള പരമശിവൻ ആണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോരമൂർത്തി, വൈകുന്നേരം ശരഭമൂർത്തി, അത്താഴപൂജക്ക് ശിവശക്തി സങ്കല്പത്തിലും ആണ് ആരാധന. ഏറ്റുമാനൂർ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നു.
ക്ഷേത്രത്തിലെ അതിപ്രസിദ്ധമായ രണ്ട് പ്രത്യേകതകളാണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും. ഇവയുടെ വരവും വളരെ രസകരമായ സാഹചര്യങ്ങളിലാണ്. ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വലിയ വിളക്ക് അഞ്ചുതിരികളോടുകൂടിയ ഒരു കെടാവിളക്കാണ്. നാല് പ്രധാന ദിക്കുകളിലേയ്ക്കും (കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്) വടക്കുകിഴക്കുഭാഗത്തേയ്ക്കുമാണ് അഞ്ചുതിരികളിട്ടിരിയ്ക്കുന്നത്. 1540-ലാണ് ഈ ദീപം സ്ഥാപിച്ചത്. പിന്നീട് ഇതുവരെ ഇത് കെട്ടിട്ടില്ല. സ്ഥലത്തെ ഒരു മൂശാരിയാണ് ഈ വിളക്ക് തീർത്തത്. തുടർന്ന് ക്ഷേത്രത്തിൽ സ്ഥാപിയ്ക്കാൻ ശ്രമിച്ചപ്പോൾ ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ തടഞ്ഞു. ചിലർ മൂശാരിയോട് ഇങ്ങനെ ചോദിച്ചു: 'ഇത്രയും വലിയ വിളക്ക് ഞങ്ങളാരും എവിടെയും കണ്ടിട്ടില്ല. ഇതെവിടെ സ്ഥാപിയ്ക്കും?' മൂശാരിയ്ക്ക് ഉത്തരം കിട്ടിയില്ല. ആ സമയത്ത് ക്ഷേത്രത്തിനകത്തുനിന്നൊരാൾ തുള്ളിവന്ന് മൂശാരിയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി ദീപം ബലിക്കൽപ്പുരയിൽ കൊണ്ടുപോയി സ്ഥാപിച്ചു. ആ സമയത്ത് ഒരു വൻ ഇടിമിന്നലുണ്ടാകുകയും വിളക്ക് എണ്ണയില്ലാതെ കത്തുകയും ചെയ്തു. മൂശാരിയെയും വിഗ്രഹം തറച്ച വിദ്വാനെയും പിന്നീടാരും കണ്ടിട്ടില്ല. ആ വിദ്വാൻ സാക്ഷാൽ ഏറ്റുമാനൂരപ്പൻ തന്നെയാണെന്ന് വിശ്വസിച്ചുവരുന്നു. മൂശാരി അങ്ങനെ ഭഗവാനിൽ ലയിച്ചുചേർന്നുവത്രേ.
ക്ഷേത്രത്തിലെ മറ്റൊരു വലിയ ആകർഷണമാണ് ഏഴരപ്പൊന്നാന. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും അടങ്ങുന്ന ഒരു ശില്പരൂപമാണിത്. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണം പൂശിയ വിഗ്രഹങ്ങളാണ് ഇവ. ആനകൾക്കൊപ്പം ഒരു സ്വർണ്ണ പഴക്കുലയും ഉണ്ടാക്കിയിരുന്നു. കുംഭമാസത്തിൽ ഉത്സവത്തിനിടയ്ക്ക് എട്ടാം നാളിൽ നടക്കുന്ന ആസ്ഥാനമണ്ഡപദർശനത്തിൽ ഭഗവാന്റെ തിടമ്പിനൊപ്പം ഏഴരപ്പൊന്നാനകളും പ്രദർശനത്തിനുവയ്ക്കും. ആറാട്ടുദിവസം തീവെട്ടികളുടെ വെളിച്ചത്തിൽ നാലുപേർ ചേർന്ന് ഇവയെ ശിരസ്സിലേറ്റുന്ന പതിവുമുണ്ട്.
കൊല്ലവർഷം 720-ഇൽ ഭഗവാൻ സ്വയം കൊളുത്തിയെന്നു വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല[അവലംബം ആവശ്യമാണ്]. ഇതിലേക്ക് എണ്ണ നിറക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്. പുലർച്ചക്കുള്ള ആദ്യ പൂജയെ (ഉഷഃപൂജ) മാധവിപള്ളിപൂജ എന്നു പറയുന്നു. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേർന്നു നടത്തിയ പൂജയാണിത്. ഉത്സവത്തിനു ആസ്ഥാന മണ്ഡപത്തിൽ കാണിക്ക അർപ്പിക്കുന്നത് വളരെ പ്രധാനമാണ്. ഏഴരപ്പൊന്നാനയാണു ഇവിടത്തെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. തടിയിൽ നിർമ്മിച്ചു സ്വർണ്ണ തകിടു പൊതിഞ്ഞ 7 വലിയ ആനകളും ഒരു കുട്ടിയാനയും കൂടുന്നതാണു ഏഴരപ്പൊന്നാന. ക്ഷേത്രത്തിലെ ഉൽസവക്കാലത്തു എട്ടാം ഉൽസവദിവസം ഈ പൊന്നാനകളുടെ എഴുന്നെള്ളത്തു കാണാൻ അഭൂതപൂർവ്വമായ തിരക്കാണു ഉണ്ടാകുന്നത്.
ഉപദേവതകൾ.
ഗണപതി,ദക്ഷിണാമൂർത്തി,ശാസ്താവ്, ദുർഗ്ഗ, യക്ഷിയമ്മ, നാഗദൈവങ്ങൾ.


No comments:
Post a Comment