Sunday, December 20, 2020

വാണിയമ്പലംശ്രീബാണാപുരംത്രിപുരസുന്ദരിക്ഷേത്രം

പണ്ട് കുട്ടിക്കാലത്ത് ഞാനെപ്പോഴും പോകാറുള്ള അമ്പലമായിരുന്നു വാണിയമ്പലം ശ്രീ ബാണാപുരം ത്രിപുര സുന്ദരി ക്ഷേത്രം. എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് മുക്കാൽ മണിക്കൂറോളം നടക്കാനുണ്ടായിരുന്നു അവിടേക്ക്. ഒരേസമയം വനനിബിഡവും അതിലേറെ വിജനവുമായ റെയിൽവേ ട്രാക്കിലൂടെ അല്പം പേടിയോടെയെങ്കിലും സ്കൂളില്ലാത്ത വേളകളിലെല്ലാം ഞങ്ങളവിടേക്ക് യാത്രയാവും ദേവിയെക്കാണാൻ. അവിടെയെത്തി ഏതാണ്ട് നൂറടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന അമ്പലത്തിലേക്ക്  എത്ര കിതച്ചാലും ക്ഷീണിച്ചാലും അതൊന്നും വകവെക്കാതെ ഞങ്ങൾ ഉൽസാഹപൂർവ്വം കയറിപ്പോകും. 

അന്ന് ഞങ്ങൾക്ക് പലരും പറഞ്ഞു തന്ന ചില ഐതിഹ്യങ്ങൾ ഞാനിവിടെ പറയാം. പക്ഷെ അതിലൊക്കെ എത്ര വാസ്തവമുണ്ടെന്ന് എനിക്കറിയില്ല. ഞാനതൊന്നും തിരയാൻ മിനക്കെടാറില്ല. കാരണം ചിലതൊക്കെ അങ്ങനെത്തന്നെ വിശ്വസിക്കാനാണെനിക്കിഷ്ടം. 

പണ്ടവിടെ ധാരാളം മുനിവര്യൻമാർ തപസ്സനുഷ്ഠിച്ചിരുന്നത്രേ. അതും കടുവയും പുലിയുമൊക്കെ യഥേഷ്ടം വിഹരിച്ചിരുന്ന അക്കാലത്ത്. പിന്നെ ഞാൻ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഒരു കുളമില്ലെ അതിനുള്ളിൽ ഒരു തുരങ്കമുണ്ടത്രേ, അത് ചെന്നെത്തുന്നത്  കാശിയിലാണ് പോലും. പിന്നെ എന്തെങ്കിലും കാരണവശാൽ പാറപൊട്ടുകയോ മറ്റോ ചെയ്താൽ അതിനടിയിൽ നിറയെ വെള്ളമുള്ളതിനാൽ ആ പ്രദേശമാകെ വെള്ളത്താൽ മൂടപ്പെടും എന്നൊക്കെയായിരുന്നു ഞങ്ങളന്ന് ചിലരിൽ നിന്നൊക്കെ  പഠിച്ചു വച്ചിരുന്നത്. 

വർഷത്തിലൊരിക്കലുള്ള  തൃക്കാർത്തികക്ക് തണുപ്പിനേയും, ഇരുട്ടിനേയും വകവെക്കാതെ എത്രപ്രാവശ്യം ഞങ്ങൾ നടന്നു പോയിരിക്കുന്നു. ഇന്നൊക്കെ അല്പം വളഞ്ഞ വഴിയിലൂടെയാണെങ്കിലും അവിടെ വാഹനയോഗ്യമാണ്. എങ്കിലും  പണ്ടെത്തെയാ നടന്നു പോക്കിനോളം സുഖം ഇന്നെനിക്കനുഭവപ്പെടുന്നില്ലെന്നതാണ് വാസ്തവം.. 

അമ്മേ,.... ത്രിപുര സുന്ദരി ദേവീ ശരണം.. 🙏🙏🙏

വാണിയമ്പലത്ത് പ്രസിദ്ധമായ വാണിയമ്പലം പാറമേലാണ് ബാണാപുരം  ...ശ്രീ ത്രിപുര സുന്ദരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെ ഉയരമുള്ള പാറമേൽ പടിഞ്ഞാട്ട് അഭിമുഖമായ ഭഗവതി ആണ് പ്രധാന പ്രതിഷ്ഠ. 100 അടിയോളം ഉയരമുള്ള വലിയ ഒരു പാറ മേലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. 

ജിഷ സുരേഷ്.

No comments:

Post a Comment

Popular Posts