Wednesday, January 31, 2018

ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം.


                തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിൽ സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ ശ്രീപാർത്ഥസാരഥിക്ഷേത്രം. പേര് സൂചിപ്പിയ്ക്കുന്നതുപോലെ പാർത്ഥസാരഥിയായ ഭഗവാൻ ശ്രീകൃഷ്ണനാണ് ഇവിടെ പ്രതിഷ്ഠ. ആയിരത്തിലധികം വർഷം പഴക്കം വരുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് അദ്വൈതവേദാന്തിയായ ആദിശങ്കരാചാര്യരാണെന്ന് വിശ്വസിച്ചുവരുന്നു.
ഇന്ന് ഗുരുവായൂരിൽ വരുന്നവർ ഇവിടെയും വരാറുണ്ട്. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചാണ് ഈ ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം. ഗീതാദിനം കൂടിയായ അന്നേദിവസം ഗുരുവായൂരപ്പൻ ഇങ്ങോട്ട് എഴുന്നള്ളാറുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ കിഴക്കുമാറി റെയിൽവേ സ്റ്റേഷന് സമീപമാണ് പാർത്ഥസാരഥിക്ഷേത്രം. ഗുരുവായൂർ പട്ടണത്തിന്റെ കിഴക്കുഭാഗത്ത് റെയിൽവേ സ്റ്റേഷന് സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ഈ ക്ഷേത്രത്തിന്റെയും ദർശനം. റെയിൽവേ സ്റ്റേഷനും ക്ഷേത്രവും ഏതാണ്ട് പരസ്പരാഭിമുഖമാണ്. ക്ഷേത്രത്തിന് മുന്നിലെത്തുന്നവർ ആദ്യം കാണുന്നത് മൂന്നുനിലകളോടുകൂടിയ കിഴക്കേ ഗോപുരമാണ്. ഗോപുരത്തിന് പ്രത്യേകിച്ച് അലങ്കാരങ്ങളൊന്നുമില്ലെങ്കിലും ഇരുവശത്തും ഗീതോപദേശത്തിന്റെ ചിത്രങ്ങളും ഗീതാവചനങ്ങളും കാണും. ഗോപുരത്തിന് പുറത്തുനിന്നുനോക്കിയാൽ തന്നെ ഭഗവദ്വിഗ്രഹം തെളിഞ്ഞുകാണാം. വടക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.
               ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. തന്റെ സുഹൃത്തായ അർജ്ജുനന്റെ തേരാളിയായി നിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ രൂപമാണ് പാർത്ഥസാരഥി. മൂന്നടിയോളം ഉയരമുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീപാർത്ഥസാരഥിഭഗവാൻ കുടികൊള്ളുന്നത്. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണിവിടെ. ഭഗവാന്റെ വലതുകയ്യിൽ ചമ്മട്ടിയും ഇടതുകയ്യിൽ ശംഖും കാണാം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിന്റെ മുഴുവൻ ആകർഷിച്ചുകൊണ്ട് ശ്രീപാർത്ഥസാരഥി ശ്രീലകത്ത് വാഴുന്നു. ചമ്മട്ടി (ചാട്ട) സമർപ്പണമാണ് ഇവിടെ ഭഗവാന് പ്രധാന വഴിപാട്. കൂടാതെ ഉദയാസ്തമനപൂജ, കളഭം ചാർത്തൽ, ചന്ദനം ചാർത്തൽ, പുരുഷസൂക്തപുഷ്പാഞ്ജലി, പാൽപ്പായസം, തൃക്കൈവെണ്ണ തുടങ്ങിയവയും ഭഗവാന് പ്രധാനമാണ്.
                       നിത്യേന മൂന്നുപൂജകളും മൂന്നുശീവേലികളുമുള്ള ഇടത്തരം ക്ഷേത്രമാണ് ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം. പുലർച്ചെ നാലരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യ ചടങ്ങ്. തുടർന്ന് നാലേമുക്കാലോടെ അഭിഷേകവും വാകച്ചാർത്തും നടത്തുന്നു. തുടർന്ന് വിഗ്രഹം അലങ്കരിച്ച് മലർ, ശർക്കര, കദളിപ്പഴം എന്നിവ നിവേദിക്കുന്നു. അഞ്ചരയോടെ ഉഷഃപൂജ നടത്തുന്നു. ഇത് കഴിഞ്ഞ് സൂര്യോദയസമയത്ത് നവഗ്രഹങ്ങളൊഴികെയുള്ള ഉപദേവതകൾക്കുള്ള പൂജകളും ഗണപതിഹോമവും നടത്തുന്നു. രാവിലെ എട്ടരയ്ക്കാണ് നവഗ്രഹങ്ങൾക്കുള്ള പൂജകൾ നടത്തുന്നത്. പത്തരയോടെ ഉച്ചപ്പൂജയും പതിനൊന്നുമണിയോടെ ഉച്ചശീവേലിയും നടത്തി പതിനൊന്നരയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്ന് രാത്രി ഏഴുമണിയോടെ അത്താഴപ്പൂജയും ഏഴരയോടെ അത്താഴശീവേലിയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേലെ കാണിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: തിരുവുത്സവം, അഷ്ടമിരോഹിണി, മണ്ഡലകാലം) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഇതിന് മാറ്റം വരും. ഉദയാസ്തമനപൂജയുള്ളപ്പോഴും മാറ്റം വരും. അന്ന് 18 പൂജകളാണുണ്ടാകുക.

ഉപദേവതകൾ.
ഗണപതി, അയ്യപ്പൻ, നവഗ്രഹങ്ങൾ, ആദിശങ്കരാചാര്യർ, രക്ഷസ്സ്.





No comments:

Post a Comment

Popular Posts