പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ സ്ഥിതിചെയ്യുന്ന
ചരിത്രപ്രസിദ്ധമായ മഹാക്ഷേത്രമാണ്' കവിയൂർ
ശ്രീ മഹാദേവക്ഷേത്രം'. തൃക്കവിയൂർ
മഹാദേവക്ഷേത്രം എന്നും ഈ മഹാക്ഷേത്രം അറിയപ്പെടുന്നു. വാസ്തുശില്പപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ
ഏറ്റവും പുരാതനമഹാക്ഷേത്രങ്ങളിലൊന്നായി ഇതിനെ ഗവേഷകർ വിശേഷിപ്പിക്കുന്നു. പാർവതിയെ ഇടതുവശത്തിരുത്തി സർവമംഗളമൂർത്തിയായിരിക്കുന്ന
മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. ത്രേതായുഗത്തിൽ സീതാസമേതനായ ശ്രീരാമൻ പ്രതിഷ്ഠിച്ച
ശിവലിംഗമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. നാലമ്പത്തിന്റെ വടക്കുപടിഞ്ഞാറേക്കോണിൽ
സ്ഥിതിചെയ്യുന്ന ഹനുമാൻസ്വാമിയുടെ ക്ഷേത്രം പ്രസിദ്ധമാണ്. നാഗങ്ങൾ, ഗണപതി, ദക്ഷിണാമൂർത്തി, ശ്രീമൂലരാജേശ്വരി, മഹാവിഷ്ണു
എന്നീ ഉപദേവതമാരും ഉണ്ട്.
തിരുവുത്സവം : വർഷം തോറും ധനുമാസത്തിലെ (ഡിസംബർ-ജനുവരി)
തിരുവാതിരനാളിൽ കൊടിയേറി പത്തുദിവസം നീളുന്ന ഉത്സവം കൊണ്ടാടുന്നു. രണ്ടുമുതൽ
ആറുവരെ ഉത്സവദിനങ്ങളിൽ ക്ഷേത്രം വകദേശവഴികളിലേയ്ക്ക് ഊരുവലത്തെഴുന്നള്ളത്ത്
നടന്നുവരുന്നു. ഏഴ്, എട്ട്,
ഒന്പത് ഉത്സവദിനങ്ങളിൽ അനുഷ്ഠാന പരമായ വേലകളി,
കാഴ്ചശ്രീബലി, സേവ
എന്നിവ നടക്കുന്നു. കവിയൂരിലെ പള്ളിവേട പ്രസിദ്ധമാണ്. മധ്യതിരുവിതാംകൂറിന്റെ
നാനാഭാഗത്തുനിന്നും അനേകായിരം ആളുകൾ പള്ളിവേട്ടദിനത്തിലെ എഴുന്നള്ളിപ്പുകൾക്ക്
സാക്ഷ്യം വഹിക്കാൻ എത്താറുണ്ട്. തനിത്തങ്കത്തിൽത്തീർത്ത നെറ്റിപ്പട്ടങളും
ചട്ടങ്ങളും ആണ് അന്ന് എഴുന്നള്ളത്തിനുപയോഗിക്കുക. പത്താം ദിവസം മണിമലയാറ്റിലെ
പാറപ്പുഴക്കടവിൽ ആറാട്ടോടെ ഉത്സവം സമാപിക്കും.
ഹനുമദ്ജയന്തി : ധനുമാസത്തിലെ മൂലം ദിനത്തിൽ ഹനുമദ് ജയന്തി
ആഘോഷിക്കുന്നു. ഏഴുദിവസത്തെ ചടങ്ങുകൾ ഉണ്ട്. ഏഴാം ദിവസം കളഭാഭിഷേകം,
പുഷ്പഘോഷയാത്ര, പുഷ്പാഭിഷേകം
എന്നീചടങ്ങുകൾ നടക്കും. ആയിരത്തിത്തൊള്ളായിരത്തി അന്പതുകളിലാണ് ഈ ഉത്സവത്തിനു
തുടക്കം കുറിച്ചത്.
ഉത്രട്ടാതി തിരുന്നാൾ : കൊല്ലവർഷം 1068ൽ ( 1893) പടിഞ്ഞാറേനടയിൽ
ശ്രീമൂലരാജേശ്വരിയുടെ പ്രതിഷ്ഠനടന്നതിന്റെ ഓർമ്മയ്ക്കു നടത്തുന്ന ഉത്സവം. ദേവിയുടെ
തിരുനാളോടനുബന്ധിച്ച് വിശേഷാൽ പൂജകളും ആനപ്പുറത്തെഴുന്നള്ളത്തും നടക്കും.
ശിവരാത്രി : ശിവരാത്രി വളരെ വിപുലമായ അനുഷ്ഠാനങ്ങളോടെ ഇവിടെ
ആചരിക്കുന്നു. അർദ്ധയാമപൂജയ്കുശേഷം നടക്കുന്ന വിളക്കിനെഴുന്നള്ളിപ്പിന്
ക്ഷേത്രത്തിന്റെ അധീനതയിലുള്ള എട്ടുകരകളുടെ പ്രതിനിധികൾ ചേർന്ന്
ദീപക്കാഴ്ചയൊരുക്കും.
സഹസ്രകലശം : വർഷംതോറും ഇടവമാസത്തിലെ( മെയ്- ജൂൺ)
വെളുത്തപക്ഷദ്വാദശിമുതൽ പതിനൊന്നുദിവസം നീളുന്ന ഉത്സവമാണിത്. പത്തുദിവസം
കലശാഭിഷേകവും പതിനൊന്നാമത്തെ ദിവസം കളഭാഭിഷേകവും നടക്കുന്നു. ദിവസേനയുള്ള
അഭിഷേകങ്ങൾക്കായി ജലം തൊണ്ണൂറ് ചെമ്പുകുടത്തിലും പത്തുവെള്ളിക്കുടത്തിലും ഒരു
സ്വർണ്ണക്കുടത്തിലുമായി പൂജിക്കുന്നു. പതിനൊന്നാമത്തെ ദിവസം ഉദയാസ്തമനപൂജയും
ആനപ്പുറത്തു ശ്രീബലികളും ഉണ്ട്.
പന്ത്രണ്ടുകളഭം : ഹനുമാൻസ്വാമിനടയിലെ പന്ത്രണ്ടുകളഭം
നടക്കുന്നത് എല്ലാവർഷവും ചിങ്ങമാസം ഒന്നുമുതൽ പന്ത്രണ്ടുവരെ തീയതികളിലാണ്. ഹനുമാൻ
സ്വാമി നട പുനരുദ്ധരിച്ചതിന്റെ ഭാഗമായാണ് ഈ ഉത്സവം കൊല്ലവർഷം 1107ൽ ആരംഭിച്ചത്.

No comments:
Post a Comment