Tuesday, January 30, 2018

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം


കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ‌, വളപട്ടണം നദിക്കരയിലാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം. തങ്ങളുടെ പ്രശ്നങ്ങൾ തെയ്യക്കോലം കെട്ടുന്ന മുത്തപ്പനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്    .

കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 km വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് തെയ്യക്കോലങളിൽ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങൾ ഒഴികെ) തെയ്യം കെട്ടിയാടുന്നു. മുത്തപ്പൻ പരബ്രഹ്മത്തിന്റെ രണ്ട് പ്രധാന ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് ; ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും മുത്തപ്പൻ ക്ഷേത്രത്തിൽ കാണാം. ഇവയെ പ്രതിനിധാനം ചെയ്യുന്ന രണ്ട് തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുന്നത്.

പറശ്ശിനിക്കടവ് മടപ്പുരയിലെ പ്രധാന ഉത്സവങ്ങൾ.

                  എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.

പുത്തരി തിരുവപ്പന അല്ലെങ്കിൽ വർഷത്തിലെ ആദ്യത്തെ തിരുവപ്പന - വർഷത്തിലെ ആദ്യത്തെ പുതുനാമ്പുകൾ ആഘോഷിക്കുവാൻ വൃശ്ചികം 16-നു നടക്കുന്നു. അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30-നു ആണ്.

തിരുവപ്പന ഈ ദിവസങ്ങളിൽ നടക്കാറില്ല.

1. എല്ലാ വർഷവും തുലാം 1 മുതൽ വൃശ്ചികം 15 വരെ.

2. കാർത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങളിൽ.

3. ക്ഷേത്രത്തിലെ "നിറ" ദിവസം.

4. മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസങ്ങളിൽ.

പ്രധാന വഴിപാടുകൾ.

മുത്തപ്പന്റെ പ്രധാന വഴിപാടുകൾ പയംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്. ക്ഷേത്രത്തിൽ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.

മടയന് ഉള്ള വഴിപാടുകൾ വെച്ചേരിങ്ങാട്ട് (ഏത്തക്ക, കുരുമുളക്, മഞ്ഞൾ, ഉപ്പ് എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം), നീർക്കരി (അരിപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങൾ, തേങ്ങാപ്പൂള് എന്നിവയാണ്.

എത്തിച്ചേരാനുള്ള വഴി


ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ : കണ്ണൂർ, ഏകദേശം 16 km അകലെ.
ഏറ്റവും അടുത്തുള്ള വിമാനത്താവളം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് - കണ്ണൂരിൽ നിന്ന് ഏകദേശം 110 km അകലെ.
വിമാനത്തിൽ എത്തുകയാണെങ്കിൽ മംഗലാപുരത്തോ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലോ ഇറങ്ങാം. മംഗലാപുരത്തുനിന്നും ദേശീയപാത 17-ൽ ധർമ്മശാലയിലേക്കുള്ള വഴിയിൽ ഏകദേശം 150 km സഞ്ചരിക്കുക. ധർമ്മശാലയിൽ നിന്ന് 4 km അകലെയാണ് പറശ്ശിനിക്കടവ്.
കരിപ്പൂരിൽ ഇറങ്ങുകയാണെങ്കിൽ ദേശീയപാത 17-ൽ ഏകദേശം 110 km സഞ്ചരിച്ചാൽ ധർമ്മശാലയിൽ എത്താം.
കണ്ണൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും.





No comments:

Post a Comment

Popular Posts