Wednesday, January 31, 2018

മമ്മിയൂർ മഹാദേവക്ഷേത്രം.


                 തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് മമ്മിയൂർ മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന ശിവക്ഷേത്രമാണ്. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പന്റെ (പരമശിവൻ) സാന്നിധ്യം ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം. ഗുരുവായൂർ ക്ഷേത്രത്തിനു അടുത്തായി ഗുരുവായൂർ-കുന്നംകുളം/കോഴിക്കോട് റൂട്ടിൽ വടക്കുപടിഞ്ഞാറ്‌ ഭാഗത്തു സ്ഥിതി ചെയ്യുന്നു. ഗുരുവായൂരിൽ പോകുന്ന എല്ലാ ഭക്തജനങ്ങളും ഇവിടെയും പോകണം എന്നാണ് ആചാരം. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ പാർവ്വതീസമേതനായ പരമശിവനാണ്. കൂടാതെ, തൊട്ടടുത്തുതന്നെ മഹാവിഷ്ണുവും സാന്നിദ്ധ്യമരുളുന്നു. ശിവകുടുംബസാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതനിത്യേന മൂന്നുപൂജകളുള്ള ഇടത്തരം ക്ഷേത്രമാണ് മമ്മിയൂർ ക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് ശംഖനാദത്തോടെ ഭഗവാന്മാരെ പള്ളിയുണർത്തി നാലരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന്, ശിവന്നും വിഷ്ണുവിനും എണ്ണയഭിഷേകവും ശംഖാഭിഷേകവും വിഷ്ണുവിന് മാത്രം വാകച്ചാർത്തും നടത്തുന്നു. തുടർന്ന് വിഗ്രഹങ്ങൾ അലങ്കരിച്ച് ഇരുവർക്കും മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചുമണിയോടെ ഗണപതിഹോമം നടത്തുന്നു. ആറേമുക്കാലിന് ശിവന് ഋഗ്വേദ ധാരയാണ്. എട്ടുമണിയ്ക്ക് ഉഷഃപൂജ നടത്തുന്നു. പത്തുമണി തൊട്ട് പതിനൊന്നുമണി വരെയുള്ള സമയങ്ങളിൽ മഹാമൃത്യുഞ്ജയഹോമം, കറുകഹോമം, തിലഹോമം, ആയുഷ്യഹോമം തുടങ്ങിയ ഹോമങ്ങളും രാഹുപൂജ, നാഗപൂജ, രക്ഷസ്സ് പൂജ തുടങ്ങിയ പൂജകളും നടത്തുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ഉച്ചപ്പൂജയും നടത്തി പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് നാലരയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്നാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളായ ഉമാമഹേശ്വരപൂജ, ഭഗവതിസേവ, ദമ്പതിപൂജ എന്നിവ നടത്തുന്നത്. രാത്രി ഏഴരയോടെ അത്താഴപ്പൂജ നടത്തി എട്ടരയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: ശിവരാത്രി, അഷ്ടമിരോഹിണി) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഇവയിൽ മാറ്റം വരും.

പ്രധാന പ്രതിഷ്ഠകൾ.
ശ്രീ മമ്മിയൂരപ്പൻ (ശിവൻ), ശ്രീ പാർവ്വതീദേവി, ശ്രീ മഹാവിഷ്ണു.

ഉപദേവതകൾ.
ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ബ്രഹ്മരക്ഷസ്സ്, ഭദ്രകാളി, നാഗദൈവങ്ങൾ, ചെറുരക്ഷസ്സ്.




No comments:

Post a Comment

Popular Posts