Sunday, January 28, 2018

എറണാകുളം ശിവക്ഷേത്രം. (എറണാകുളത്തപ്പന്‍ ക്ഷേത്രം)

                         എറണാകുളം ശിവക്ഷേത്രം എറണാകുളം നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള കൊച്ചി കായലിലേക്ക് ദർശനം ചെയ്തു സ്ഥിതി ചെയ്യുന്നു. അത്യുഗ്രമൂർത്തിയായ പരമശിവനാണ്‌ മുഖ്യ പ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ വരുന്ന ക്ഷേത്രമാണിത്.
ശിവക്ഷേത്രത്തിന്‌ സമീപം ഹനുമാൻക്ഷേത്രവും സുബ്രഹ്മണ്യക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പരശുരാമ പ്രതിഷ്ഠിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത്.
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം. രാവിലെ മൂന്നുമണിയ്ക്ക് നട തുറക്കുന്നു. തുടർന്ന് നിർമ്മാല്യദർശനം. മറ്റുക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു മണിക്കൂറാണ് നിർമ്മാല്യദർശനം. നിർമ്മാല്യദർശനത്തിനുശേഷം അഭിഷേകം നടത്തുന്നു. നാലേകാലിന് ഭഗവാന് മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചുമണിയ്ക്ക് ഉഷഃപൂജയും ആറുമണിയ്ക്ക് എതിരേറ്റുപൂജയും നടത്തുന്നു. എതിരേറ്റുപൂജയ്ക്കിടയിൽത്തന്നെ ഗണപതിഹോമവും നടത്തുന്നു. ആറരയോടെ എതിരേറ്റുശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിലാണ് ഈ ആചാരം. ശീവേലി കഴിഞ്ഞാൽ ജലധാരയും നവകാഭിഷേകവും നടത്തുന്നു. എട്ടുമണിയ്ക്ക് പന്തീരടി പൂജ. പത്തരയോടെ ഉച്ചപൂജയും പതിനൊന്നരയോടെ ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു. വൈകീട്ട് നാലുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. തുടർന്ന് രാത്രി ഏഴരമണിയ്ക്ക് അത്താഴപൂജയും എട്ടരമണിയ്ക്ക് അത്താഴശീവേലിയും നടത്തി ഒമ്പതുമണിയ്ക്ക് നട വീണ്ടും അടയ്ക്കുന്നു. പ്രധാനവഴിപാട്‌ ആയിരത്തി ഒന്നു കുടം ജലധാര. എള്ളു തുലാഭാരവുമുണ്ട്‌. കിഴക്കേനടയില്‍ വിളക്കുവച്ചാല്‍ മംഗല്യഭാഗ്യസിദ്ധിക്ക്‌ നല്ലതെന്ന്‌ വിശ്വാസം.

ഉത്സവങ്ങൾ
          എറണാകുളം ക്ഷേത്രത്തിലെ ഉത്സവം മകര മാസത്തിലാണ്. എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം തിരുവാതിര ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ഗംഭീര ആനയെഴുന്നള്ളിപ്പും മേളവും വിവിധ കലാപരിപാടികളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു. കൂടാതെ കുംഭമാസത്തിൽ ശിവരാത്രി, ധനുമാസത്തിൽ തിരുവാതിര, എല്ലാ തിങ്കളാഴ്ചകളും,ബുധനാഴ്ചകളും,ശനിയാഴ്ചകളും , പ്രദോഷവ്രതം തുടങ്ങിയവയും ആചരിച്ചുവരുന്നു.



No comments:

Post a Comment

Popular Posts