Tuesday, January 30, 2018

പനച്ചിക്കാട് ക്ഷേത്രം.


          കേരളത്തിലെ കോട്ടയം ജില്ലയിൽ കോട്ടയം പട്ടണത്തിൽ നിന്നും 10 KM അകലെ, കോട്ടയം- ചങ്ങനാശേരി എംസീ റോഡിൽ ചിങ്ങവനത്ത് നിന്നും 4 KM കിഴക്കോട്ടു പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് പ്രസിദ്ധമായ പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീദേവീ(ദുർഗ്ഗ) ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അർത്ഥം വരുന്ന "ദക്ഷിണ മൂകാംബിക" എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ പരമാത്മാവായ മഹാവിഷ്ണുവിന്റേത് ആണെങ്കിലും, ദുർഗ്ഗാഭാവത്തിലുള്ള സരസ്വതീക്ഷേത്രമായാണ്‌ ഇത് അറിയപ്പെടുന്നത്.
സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം അറിവിന്റെയും ജ്ഞാനത്തിന്റെയും കലകളുടെയും കരകൌശലത്തിന്റെയും ഭഗവതിയാണ് സരസ്വതി. ആദിപരാശക്തിയായ ലോകമാതാവിന്റെ (ദുർഗ്ഗ) മൂന്നു പ്രധാന രൂപങ്ങളിൽ വിദ്യാദേവിയായി കാണുന്നത് സാത്വികയായ സരസ്വതിയെ തന്നെ.ക്ഷേത്രത്തിലെ യഥാർഥ പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഇതുകൊണ്ട് പ്രതിഷ്ഠ കാണാൻ കഴിയുകയില്ല. മലമുകളിൽ നിന്ന് ഒലിച്ചുവരുന്ന ഒരു നീർച്ചാലിൽ നിന്നാണ് ഈ കുഴിയിലേക്ക് വെള്ളം ലഭിക്കുക. ഈ നീർച്ചാൽ കിഴക്കോട്ടൊഴുകി ഒടുവിൽ ഒരു നദിയിൽ ലയിക്കുന്നു. ഒരു കാട്ടുവള്ളിയും പടർന്നു നിൽക്കുന്നതു കൊണ്ട് ഭഗവതീ പ്രതിഷ്ഠ പൂർണ്ണമായും മറഞ്ഞിരിക്കുന്നു.

ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം നവരാത്രിയോടനുബന്ധിച്ചുള്ള സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവർഷം) തുലാം മാസത്തിലാണ് സരസ്വതീപൂജ നടക്കുന്നത് (സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ). ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി-വിജയദശമി മഹോത്സവത്തിന് ധാരാളം ഭക്തർ ദേവിയെ തൊഴാൻ എത്തുന്നു.

നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒൻപതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തിൽ നടക്കുന്നു.

വിഷ്ണുക്ഷേത്രത്തിൽ തെക്കുപടിഞ്ഞാറുഭാഗത്ത് ഉപദേവനായി അയ്യപ്പസ്വാമി കുടികൊള്ളുന്നു. ശബരിമലയിലേതുപോലെയാണ് ഇവിടെയും വിഗ്രഹം. കിഴക്കോട്ട് ദർശനമായ അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് മുന്നിൽ ഒരു മണ്ഡപമുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും മറ്റ് ഉത്തമമദ്ധ്യമാധമസർപ്പങ്ങളും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. കിഴക്കോട്ടാണ് ഇവരുടെയും ദർശനം. വടക്കുകിഴക്കുഭാഗത്ത് ശിവന്റെ ശ്രീകോവിലാണ്. അത്യുഗ്രമൂർത്തിയാണ് ഇവിടെ ശിവൻ. ഒന്നരയടി ഉയരം വരുന്ന ശിവലിംഗമാണ് പ്രതിഷ്ഠ. പടിഞ്ഞാട്ട് ദർശനം. മറ്റു ഉപദേവതകൾ, ഗണപതി, ബ്രഹ്മരക്ഷസ്സ്, യക്ഷി.

പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളിൽ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണർവ് നൽകുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂർണ്ണവും ആക്കിയതാണ്.









No comments:

Post a Comment

Popular Posts