Friday, January 26, 2018

ശ്രീവല്ലഭമഹാക്ഷേത്രം തിരുവല്ല.


പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള പുരാതനമായ ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം ക്രി മു 59ആം ആണ്ടിൽ നിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌. പരമാത്മാവായ ഭഗവാൻ മഹാവിഷ്ണുവും നല്ല കാഴ്ചപ്പാട് നൽകുന്നവൻ എന്നർഥമുള്ള ഉഗ്രഭാവമാർന്ന സുദർശനമൂർത്തിയുമാണ് പ്രധാന പ്രതിഷ്ഠകൾ. മഹാവിഷ്ണു ഇവിടെ "ശ്രീവല്ലഭൻ" എന്ന പേരിൽ അറിയപ്പെടുന്നു.
തിരുവല്ല പട്ടണത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവല്ല മാർക്കറ്റ് ജംക്ഷനിൽനിന്ന് പടിഞ്ഞാട്ടുള്ള വഴിയിൽ ക്ഷേത്രത്തിന്റെ പേരെഴുതിവച്ച കവാടം കാണാം. ഇതിലൂടെ അല്പദൂരം സഞ്ചരിച്ചാൽ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്താം. ശ്രീവല്ലഭസ്വാമിയുടെ രൂപം കൊത്തിവച്ച മനോഹരമായ പന്തലാണ് ആദ്യം കാണുക. ഇതിന് നേരെ മുന്നിൽ തെക്കുഭാഗത്ത് ദേവസ്വം വക സത്രവും വടക്കുഭാഗത്ത് ക്ഷേത്രക്കുളവും സ്ഥിതിചെയ്യുന്നു. അതിവിശാലമായ ഇവിടത്തെ ക്ഷേത്രക്കുളത്തിന് ഏകദേശം രണ്ടരയേക്കർ വലിപ്പമുണ്ട്. 'ഇലവന്തി തീർത്ഥം' എന്നാണ് ഈ കുളത്തിന്റെ പേര്. ഇതിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രത്തിലെത്തുന്നത്.

ഉപദേവതകൾ
ഗണപതി,അയ്യപ്പൻ,ദക്ഷിണാമൂർത്തി,വരാഹമൂർത്തി,വിഷ്വക്സേനൻ,ഗരുഡൻ,അയയക്ഷി,മായയക്ഷി,നാഗദൈവങ്ങൾ,ദുർവ്വാസാവ്,വേദവ്യാസൻ,കുരയപ്പൻ.

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറന്നുകഴിഞ്ഞാൽ ആദ്യം നിർമ്മാല്യദർശനമാണ്. തുടർന്ന് അഭിഷേകവും മലർ നിവേദ്യവും നടക്കുന്നു. അഞ്ചുമണിയ്ക്ക് ഉഷഃപൂജയും തുടർന്ന് ഉഷഃശീവേലിയും എട്ടുമണിയ്ക്ക് പന്തീരടിപൂജയും നടത്തുന്നു. ക്ഷേത്രമൂലസ്ഥാനമായ ശങ്കരമംഗലത്ത് മനയിലാണ് പന്തീരടിപൂജ നടക്കുന്നത്. അതിനാൽ ഇത് 'ശങ്കരമംഗലത്ത് പൂജ' എന്നും അറിയപ്പെടുന്നു. പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയ്ക്ക് ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. തുടർന്ന് ഏഴുമണിയ്ക്ക് നാലാം പൂജയും ഏഴരയ്ക്ക് അഞ്ചാം പൂജയും നടത്തുന്നു. തുടർന്ന് അത്താഴശീവേലിയും കഴിഞ്ഞ് രാത്രി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
കുംഭമാസത്തിൽ ഉത്രട്ടാതിയ്ക്ക് കൊടികയറി പൂയത്തിന് ആറാട്ടുവരുന്ന വിധത്തിലുള്ള പത്തുദിവസത്തെ ഉത്സവമാണ് ശ്രീവല്ലഭക്ഷേത്രത്തിലുള്ളത്. പത്തുദിവസവും വിശേഷാൽ പൂജകളും കലാപരിപാടികളും ക്ഷേത്രത്തിലുണ്ടാകും.


No comments:

Post a Comment

Popular Posts