Saturday, January 27, 2018

ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം, തട്ടയിൽ


                     ചരിത്രസ്മരണകള്‍ ഉറങ്ങികിടക്കുന്ന തട്ടയില്‍ ദേശത്തിന്‍റെ തിലകകുറിയായി നിലകൊളളുന്ന 'തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതിക്ഷേത്രം' പഴയ പന്തളം നാട്ടുരാജ്യത്തിന്‍റെ തെക്കേക്കരയായ, ഇപ്പോഴത്തെ പന്തളം തെക്കേക്കര പഞ്ചായത്തിലെ, തട്ടയില്‍ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്കുമുന്‍പ്, യോഗീശ്വരന്‍റെ കാലശേഷം കാടുമൂടിക്കിടന്നിരുന്ന ദേവീവിഗ്രഹം അടിയാളസ്ത്രീ അരിവാളുരസ്സിയപ്പോള്‍ രക്തം പൊടിഞ്ഞ് ദേവീചൈതന്യം വെളിപ്പെടുകയും, ഭൂവുടമയുടെ നേതൃത്വത്തില്‍ ഒരു പുറം മാത്രമുള്ള താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു. തന്മൂലം ഒരിപ്പുറം എന്ന നാമം സിദ്ധിച്ചു.
ഇരുനിലകളുള്ള ഇപ്പോഴത്തെ ശ്രീകോവില്‍ ശില്പാലംകൃതമായ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച് പിത്തള പൊതിഞ്ഞിരിക്കുന്നു. ഉഗ്രമൂര്‍ത്തിയും അഷ്ടബാഹുക്കളിലും ആയുധവുമേന്തിയ ശ്രീഭദ്രകാളിയുടെ മൂലപ്രതിഷ്ഠയും, മുമ്പിലായി ശാന്തഭാവത്തില്‍ ശ്രീഭദ്രയുമായി ദേവിയുടെ ശിലാനിര്‍മ്മിതമായ രണ്ടു വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവയില്‍ തുല്യപ്രാധാന്യത്തോടെ അഭിഷേകവും സപരിവാര പൂജയും ചെയ്യുന്നു.
ചുറ്റുമതിലുകള്‍ ഇല്ലാത്ത ഈ ക്ഷേത്രത്തില്‍ മഹാഗണപതി, ശ്രീകൃഷ്ണന്‍, മാടന്‍ മുഹൂര്‍ത്തി, നാഗ രാജാവ്, നാഗയക്ഷി, രക്ഷസ്സ്, യോഗീശ്വരന്‍, യക്ഷിയമ്മ എന്നീ ഉപദേവാലയങ്ങള്‍ ഉണ്ട്.
വടക്ക് ദര്‍ശനമായി പ്രതിഷ്ഠയുളള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം.
ഏഴംകുളം ദേവിയുമായുളള ഒരിപ്പുറത്തമ്മയുടെ ബന്ധമാണ് മറ്റൊരു ഐതീഹൃം. ഒരിപ്പുറത്തമ്മയുടെ സഹോദരിയാണ് ഏഴംകുളത്തമ്മ എന്നാണ് ഇരുദേശവാസികളും വിശ്വസിക്കുന്നത്. ക്ഷേത്രാചാരങ്ങളിലും ഇത് നിഴലിയ്ക്കുന്നു.
              മീനഭരണിനാള്‍ ഒരിപ്പുറത്ത് ക്ഷേത്രത്തില്‍ കെട്ടുകാഴ്ച നടക്കുമ്പോള്‍ ഏഴംകുളം ദേവി കിഴക്കേ എതിരേൽപ്പ് ആല്‍ത്തറയിലിരുന്ന് ഉത്സവം കാണുന്നു എന്നാണ് ഐതീഹൃം. അന്നേ ദിവസം ഏഴംകുളം ക്ഷേത്രം തുറക്കാറില്ല എന്നത് ഇതിന് ഉപോത്ബലകമാണ്.

ഒരിപ്പുറം നേർച്ചതൂക്കം.
                തൂക്കവഴിപാട് നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് തട്ടയില്‍ ഒരിപ്പുറം .ഇഷ്ടസന്താന ലബ്ധിയ്ക്കും പിഞ്ചുകുഞ്ഞുങ്ങളുടെ ആയൂരാരോഗൃ സംഖൃത്തിനും നടത്തുന്ന ആചാരമാണ് ഒരിപ്പുറം നേര്‍ച്ചതൂക്കം.പിഞ്ചുകുഞ്ഞുങ്ങളെ തൂക്കവില്ലിലേറ്റി നടത്തുന്ന ഈ ആചാരം ദര്‍ശിക്കുന്നതിന് ദുരെ ദേശങ്ങളില്‍ നിന്നു പോലും ഭക്തസഹസ്രങ്ങളാണ് എത്തുന്നത്. ക്ഷേത്രത്തില്‍ കാര്‍ത്തികനാളില്‍ നടക്കുന്ന ഗരുഡന്‍ തൂക്കവും ഒരു സവിശേഷതയാണ്. ഗരൂഡാരൂഡനായ മഹാവിഷ്ണു ദേവിയുടെ ഉത്സവാഘോഷങ്ങളില്‍ പങ്ക് കൊളളാന്‍ വൈകുണ്ഠത്തില്‍ നിന്നും എത്തുന്നതായാണ് ഐതീഹൃം.(സഹായക ഗ്രന്ഥം - ഒരിപ്പുറം ക്ഷേത്ര സാംസ്കാരിക ബുധവാണി (അക്ഷരായനം))





No comments:

Post a Comment

Popular Posts