കേരളത്തിലെ
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ ഹൈന്ദവ
ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 26 Km വടക്കുപടിഞ്ഞാറുമാറി
ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ
ശ്രീകൃഷ്ണസങ്കൽപ്പത്തിലുള്ള പരമാത്മാവായ മഹാവിഷ്ണുവാണ്.
ഇവിടുത്തെ
ചതുർബാഹുവായ ഭഗവദ്രൂപം മനുഷ്യനിർമിതമല്ലെന്നും ദ്വാരകയിൽ ശ്രീകൃഷ്ണൻ നേരിട്ട്
ആരാധിച്ച നാരായണസ്വരൂപമാണെന്നും സങ്കൽപ്പം. ശ്രീകൃഷ്ണാവതാര സമയത്തു ദേവകിക്കും
വസുദേവർക്കും കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ മഹാവിഷ്ണുരൂപമാണ് ഇതെന്ന് ഭക്തർ
വിശ്വസിക്കുന്നു. ദുരിതങ്ങൾ അകന്ന് ഐശ്വര്യം സിദ്ധിയ്ക്കുവാനും
മോക്ഷപ്രാപ്തിയ്ക്കും ഭക്തർ ഇവിടെ ദർശനം നടത്തുന്നു. കുംഭമാസത്തിൽ പൂയം നക്ഷത്രദിവസം
കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
കൂടാതെ വൃശ്ചികമാസത്തിൽ വെളുത്ത ഏകാദശി വ്രതം, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, തിരുവോണം,
മേടമാസത്തിൽ
വിഷു എന്നിവയും വിശേഷമാണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ദുർഗ്ഗാഭഗവതി എന്നിവർ
കുടികൊള്ളുന്നു.
ദിവസേന
പന്ത്രണ്ടു സമയത്തും പന്ത്രണ്ടു വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ.
അതുകൊണ്ട് തന്നെ ഓരോ സമയത്തും ഓരോ രീതിയിൽ ആണ് പ്രതിഷ്ഠയുടെ അലങ്കാരം.ഇത് കൂടാതെ
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളുടെ രൂപത്തിൽ ഉള്ള ദശാവതാരച്ചാർത്തും ചില ദിവസങ്ങളിൽ
കാണാം.



No comments:
Post a Comment